ഡിഎംകെ യുപിഎ വിടുന്നു ; അഞ്ച് മന്ത്രിമാര്‍ രാജിവയ്ക്കും

single-img
19 March 2013

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ അഞ്ചു മന്ത്രിമാര്‍ ഉടന്‍ തന്നെ രാജി സമര്‍പ്പിക്കുമെന്നും ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അദേഹം പറഞ്ഞു. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഡിഎംകെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും പുറത്തേയ്ക്ക് പോകുന്നത്. സര്‍ക്കാരിനു പുറത്തു നിന്നുള്ള പിന്തുണയും നല്കില്ല. 18 എംപിമാരുള്ള ഡിഎംകെയുടെ പിന്‍വാങ്ങല്‍ നിലവിലെ സ്ഥിതിയില്‍ യുപിഎ സര്‍ക്കാരിനു ഭീഷണി സൃഷ്ടിക്കില്ല. മാര്‍ച്ച് 21 നു ചേരുന്ന യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ ശ്രീലങ്കയ്‌ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചാല്‍ പിന്തുണ പിന്‍വലിക്കുന്ന കാര്യത്തില്‍ പുനരാലോചിക്കാമെന്നും കരുണാനിധി വ്യക്തമാക്കി.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കു നേരെ നടന്ന വംശഹത്യയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണവും യുദ്ധക്കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ലങ്കന്‍ അധികാരികള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നുമാണ് പ്രധാനമായും ഡിഎംകെ ആവശ്യപ്പെടുന്നത്.
യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്ക്കുമെന്ന് ഡിഎംകെ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും പി.ചിദംബരവും കഴിഞ്ഞ ദിവസം കരുണാനിധിയെ സന്ദര്‍ശിച്ച് അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരുന്നു.