നാവികരെ ഇന്ത്യന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരും: മുഖ്യമന്ത്രി

single-img
18 March 2013

കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് വിചാരണ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നയതന്ത്ര ബന്ധമുപയോഗിച്ച് ഇന്ത്യയെ വഞ്ചിക്കാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. നാവികര്‍ ഇറ്റലിയിലേയ്ക്ക് മടങ്ങിപ്പോകുകയും തിരികെവരില്ലെന്ന് ഇറ്റലിയില്‍ നിന്ന് അറിയിപ്പുവരുകയും ചെയ്ത സാഹചര്യത്തില്‍ നിയസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കടല്‍ക്കൊലക്കേസില്‍ നാവികര്‍ മടങ്ങിവരില്ലെന്ന് അറിയിപ്പു വന്നതിനെത്തുടര്‍ന്ന പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ രാജ്യത്തെ വഞ്ചിക്കുന്ന നിലപാട് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുകയില്ലെന്ന് വ്യക്തമാക്കിയതാണ്. അദേഹത്തിന്റെ നിലപാട് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നിലപാടാണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.കെ. ഗുരുദാസന്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിനു അനുമതി തേടിയത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ പര്യാപ്തമല്ലാത്തതിനാലാണ് നാവികര്‍ മടങ്ങിവരാത്ത സാഹചര്യം ഉണ്ടായതെന്ന് അദേഹം ആരോപിച്ചു. ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇറ്റാലിയന്‍ നടപടിയില്‍ ഗൂഡാലോചന നടന്നിട്ടുള്ളതായി സംശയിക്കുന്നതായും പി.കെ. ഗുരുദാസന്‍ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസിനു മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.