സബ്‌സിഡി ഡീസല്‍ : കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

single-img
18 March 2013

സബ്‌സിഡിയ്ക്ക് ഡീസല്‍ ലഭിക്കുന്നത് അവസാനിച്ചതോടെ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ഡീസല്‍ സബ്‌സിഡി പുനസ്ഥാപിച്ച് സാധാരണ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന നിരക്കില്‍ കെഎസ്ആര്‍ടിസിയ്ക്കും ഡീസല്‍ ലഭ്യമാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്.

ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു നല്‍കിയ ശേഷമാണ് കെഎസ്ആര്‍ടിസിയ്ക്കു നല്‍കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കപ്പെട്ടത്. കൂടാതെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തി അമിത തുകയാണ് ഡീസലിനു കോര്‍പ്പറേഷനില്‍ നിന്നും എണ്ണക്കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. ഡീസല്‍ വില വര്‍ദ്ധനയ്ക്കു ശേഷം കോര്‍പ്പറേഷനില്‍ നിന്നും ഈടാക്കിയ അധിത തുക തിരികെ നല്‍കാനുള്ള നിര്‍ദേശം നല്‍കാനും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു ഗതാഗത സംവിധാനമെന്ന നിലയില്‍ ഭരണഘടനാപരമായ ചുമതലയാണ് കെഎസ്ആര്‍ടിസി നിര്‍വഹിക്കുന്നത്. സ്വകാര്യ ബസുകളില്‍ നിന്നും ഡീസലിനു സാധാരണ നിരക്ക് ഈടാക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി അമിത തുക നല്‌കേണ്ടിവരുന്ന അംഗീകരിക്കാനാകുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സമാന പ്രശ്‌നം നേരിട്ട തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയും ഹൈക്കോടതിയെ സമീപിച്ചത്.