ഇന്ത്യന്‍ ജയം 133 റണ്‍സ് അകലെ

single-img
18 March 2013

മൊഹാലി : ആസ്‌ത്രേലിയയുടെ അവസാന ഒരു വിക്കറ്റ് വീഴ്ത്താന്‍ 18.1 ഓവറുകള്‍ കാത്തിരിക്കേണ്ടി വന്നതിനു ശിക്ഷയായി കൈയെത്തും ദൂരത്തുനിന്നും വിജയം ഇന്ത്യയ്ക്ക് നഷ്ടപ്പെടുമോ എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളു. രണ്ടാം ഇന്നിങ്ങ്‌സില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 78 റണ്‍സിന്റെ മാത്രം മുന്‍തൂക്കവുമായി ആസ്‌ത്രേലിയ തോല്‍വി മാത്രം മുന്നില്‍ കണ്ട സ്ഥിതിയില്‍ നിന്നാണ് സമനിലയിലേയ്ക്കും കളി നീങ്ങാമെന്ന അവസ്ഥയിലേയ്ക്ക് എത്തിയത്. ജയം കൈപ്പിടിയിലൊതുക്കാന്‍ 133 റണ്‍സ് ആണ് ഇന്ത്യയ്ക്ക് വേണ്ടത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് ഇന്ത്യ നേടിക്കഴിഞ്ഞു. 33 പന്തില്‍ 26 രണ്‍സ് എടുത്ത മുരളി വിജയ് ആണ് പുറത്തായത്. 15 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും റണ്‍സൊന്നുമെടുക്കാതെ വിരാട് കോലിയുമാണ് ക്രീസില്‍.. നിലവിലെ ഫോമില്‍ ഇന്ത്യന്‍ വിജയം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആദ്യ ഇന്നിങ്ങ്‌സില്‍ ഒരു റണ്‍സിനു സെഞ്ച്വറി നഷ്ടപ്പെട്ട മൈക്കല്‍ സ്റ്റാര്‍ക് ആണ് ഇത്തവണയും രക്ഷകനായത്. പതിനൊന്നാമന്‍ സേവ്യര്‍ ദോഹേര്‍ത്തിയെ(18) കൂട്ടുപിടിച്ച് 18.1 ഓവറുകളാണ് സ്റ്റാര്‍ക് അതിജീവിച്ചത്. വിലപ്പെട്ട 44 റണ്‍സും ഈ ജോഡി ആസ്‌ത്രേലിയന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു. നൂറു പന്തുകള്‍ നേരിട്ട് 35 റണ്‍സ് നേടിയ മൈക്കല്‍ സ്റ്റാര്‍കിനെ അശ്വിന്റെ കൈയിലെത്തിച്ച് രവീന്ദ്ര ജഡേജയാണ് ഓസീസ് ഇന്നിങ്ങ്‌സിനു തിരശ്ശീല വീഴ്ത്തിയത്.

മൂന്നു വിക്കറ്റിനു 75 റണ്‍സ് എന്ന നിലയില്‍ ഇന്ന് കളിയാരംഭിച്ച ആസ്‌ത്രേലിയയ്ക്ക് പ്രഗ്യാന്‍ ഓജയാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇന്നിങ്ങ്‌സിലേയ്ക്ക് 10 റണ്‍സ് കൂടി ചേര്‍ത്തപ്പോഴേയ്ക്കും നഥാന്‍ ലിയോണിനെ നഷ്ടമായ ആസ്‌ത്രേലിയെ കരകയറ്റാന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്(18) ഫിലിപ്പ് ഹ്യൂഗ്‌സും(18) ചേര്‍ന്ന ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജ ഇന്ത്യയുടെ രക്ഷക്കെത്തി. പരമ്പരയില്‍ അഞ്ചാം തവണയാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ വിക്കറ്റ് ആഘോഷിക്കാനുള്ള അവസരം ജഡേജയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടി ബൗളര്‍മാര്‍ വിജയം സുനിശ്ചിതമാക്കിയെങ്കിലും അവസാന വിക്കറ്റ് കൂട്ടുകെട്ട് കണക്കൂകൂട്ടലുകള്‍ തെറ്റിച്ചു. 179 ന് 9 വിക്കറ്റ് എന്ന അവസ്ഥയില്‍ നിന്നും 223 റണ്‍സിലേയ്ക്ക് ആസ്‌ത്രേലിയ തുഴഞ്ഞപ്പോള്‍ ജയിക്കണമെങ്കിലും തട്ടുപൊളിപ്പന്‍ കളി പുറത്തെടുക്കണമെന്ന സ്ഥിതിയിലാണ് ഇന്ത്യന്‍ ടീം. 133 റണ്‍സ് നേടാന്‍ 27 ഓവറുകളാണ് ഇന്ത്യന്‍ ടീമിനു മുന്നിലുള്ളത്.