ഇറ്റാലിയന്‍ അംബാസിഡറെ വിശ്വാസമില്ല, രാജ്യം വിടരുത് : സുപ്രീം കോടതി

single-img
18 March 2013

കടല്‍ക്കൊലക്കേസില്‍ സുപ്രീം കോടതി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പായി. നാവികരെ ഇറ്റലിയിലേയ്ക്കയക്കാന്‍ കോടതിയെ സമീപിച്ച് അനുമതി നേടിയെടുത്ത അംബാസിഡന്‍ ഡാനിയേല്‍ മാഞ്ചീനിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പരമോന്നത കോടതി നടത്തിയത്. സ്ഥാനപതിയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടെന്ന പറഞ്ഞ കോടതി ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഇന്ത്യ വിട്ടു പോകരുതെന്നും നിര്‍ദ്ദേശിച്ചു.

ഇറ്റലിയില്‍ പോയി വോട്ട് ചെയ്യാന്‍ നാവികരെ അനുവദിക്കണമെന്ന ആവശ്യവുമായി മാഞ്ചീനി നേരിട്ട് സുപ്രീം കോടതിയിലെത്തുകയും അവരെ തിരികെ എത്തിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ മടങ്ങിവരില്ലെന്ന നിലപാട് കോടതിയെ വഞ്ചിക്കുന്നതാണ്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും മാഞ്ചീനി ഹാജരായില്ല. വിശദീകരണം നല്‍കാന്‍ അഭിഭാഷകനായ മുകുല്‍ റോഹ്ത്തഗി ആണ് എത്തിയത്.
ഇറ്റാലിയന്‍ സ്ഥാനപതി എന്നതിനപ്പുറം മാഞ്ചീനി എന്ന വ്യക്തിയുടെ ഉറപ്പിലാണ് നാവികരെ പോകാന്‍ അനുവദിച്ചതെന്ന് അഭിഭാഷകന്റെ വാദത്തിനു മറുപടിയായി പരമോന്നത കോടതി വ്യക്തമാക്കി. ഇറ്റലി സര്‍ക്കാരിനു വേണ്ടിയാണ് മാഞ്ചീനി കോടതിയ്ക്ക് ഉറപ്പു നല്‍കിയതെന്നും അദേഹത്തിനു നയതന്ത്ര പരിരക്ഷയുണ്ടെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ കോടതിയെ അവഹേളിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച അംബാസിഡര്‍ക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് കോടതി അറിയിച്ചു. മാര്‍ച്ച് 22 വരെ നാവികരെ തിരിച്ചെത്തിക്കാന്‍ ഇറ്റലിയ്ക്ക് സമയമുണ്ട്. അതുവരെ ഇറ്റലിയുടെ വാദം കോടതി കേള്‍ക്കില്ല. കേസ് ഏപ്രീല്‍ രണ്ടിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.