സ്ത്രീധന പീഡനാരോപണം; ഒഡീഷ മന്ത്രി രാജിവച്ചു

single-img
16 March 2013

Odisha_minister_Raghunath_mohanty295x200മരുമകളെ സ്ത്രീധനത്തിനായി പീഡിപ്പിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഒഡീഷയിലെ നിയമ-നഗര വികസന മന്ത്രി രഘുനാഥ് മൊഹന്തി രാജിവച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രിക്കു മൊഹന്തി രാജിക്കത്തു കൈമാറി. മരുമകള്‍ വര്‍ഷ സോണി മൊഹന്തിയുടെ പരാതിയെത്തുടര്‍ന്നു ബാലസോര്‍ ടൗണ്‍ പോലീസ് മന്ത്രിക്കെതിരേയും കുടുംബാംഗങ്ങള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മന്ത്രി, ഭാര്യ പ്രതിലത, മകന്‍ രാജാശ്രീ, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്. തനിക്കും കുടുംബാഗങ്ങള്‍ക്കും എതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ധാര്‍മികതയുടെ പേരിലാണു രാജിയെന്നും മൊഹന്തി പറഞ്ഞു. ബാലസോറിലെ ബസ്ത മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രഘുനാഥ് മൊഹന്തി 2000 മുതല്‍ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.

2012 ജൂണ്‍ 24നാണു രഘുനാഥ് മൊഹന്തിയുടെ മകന്‍ രാജാശ്രീ വര്‍ഷയെ വിവാഹം കഴിച്ചത്. അന്ന് 10 ലക്ഷം രൂപയും വീട്ടുപകരണങ്ങളും വര്‍ഷയുടെ മാതാപിതാക്കള്‍ നല്കിയിരുന്നതായി പരാതിയില്‍ പറയുന്നു. സ്‌കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.