Breaking News

പെട്രോളിനു രണ്ടു രൂപ കുറഞ്ഞു

പെട്രോളിനു വില കുറച്ചു. ലിറ്ററിനു രണ്ട്ു രൂപയാണ് കുറഞ്ഞത്. പുതിയ നിരക്ക് നിലവില്‍ വന്നു. കഴിഞ്ഞ ഒന്‍പതു മാസത്തിനിടയില്‍ പെട്രോള്‍ വിലയിലുണ്ടാകുന്ന വലിയ കുറവാണിത്. രാജ്യാന്തര വിപണിയിലുണ്ടായ വിലക്കുറവിന്റെ സാഹചര്യത്തിലാണ് ഇവിടെയും വിലകുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായത്. കേരളത്തില്‍ 2.30 രൂപയുടെ കുറവുണ്ടാകും. തിരുവനന്തപുരത്ത് 70.85 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

ഈ മാസമാദ്യം പെട്രോളിനു ലിറ്ററിനു 1.40 രൂപ കൂട്ടിയിരുന്നു. ഫെബ്രുവരിയിലും 1.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത് സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് തല്കാലം പുലിവാല്‍ പിടിക്കേണ്ടെന്ന തീരുമാനത്തില്‍ എണ്ണക്കമ്പനികള്‍ എത്തിച്ചേര്‍ന്നതെന്നാണ് സൂചന.