താരോദയം

single-img
16 March 2013

വീരേന്ദര്‍ സെവാഗിനെ ആസ്‌ത്രേലിയയ്‌ക്കെതിരായ ആവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്നും തഴഞ്ഞതില്‍ സെലക്ടര്‍മാര്‍ക്ക് ഇനി അധികം പഴി കേള്‍ക്കേണ്ടി വരില്ല. അദേഹത്തിനു പകരം ഓപ്പണിങ്ങ് ചെയ്യാന്‍ കിട്ടിയ സുവര്‍ണ്ണാവസരം മുതലാക്കിയ യുവതാരം ശിഖര്‍ ധവാന്‍ വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിച്ചു. അതും സെവാഗിനെ അനുസ്മരിപ്പിക്കുന്ന തട്ടുപൊളിപ്പന്‍ ബാറ്റിങ്ങ് പ്രകടനം കൊണ്ട്. അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലെ അരങ്ങേറ്റക്കാരന്റെ യാതൊരു സഭാകമ്പവുമില്ലാതെ അക്ഷരാര്‍ഥത്തില്‍ റണ്‍ മഴയാണ് ധവാന്റെ ബാറ്റില്‍ നിന്നും പെയ്തിറങ്ങിത്. ഒപ്പം അമൂല്യമായൊരു റെക്കോര്‍ഡും. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ ഏറ്റവും വേഗത്തില്‍ മൂന്നക്കം തികച്ച ബാറ്റ്‌സ്മാന്‍ എന്ന ഖ്യാതി ഇനി ഈ ഇരുപത്തിയേഴുകാരനു സ്വന്തം. വെറും 85 പന്തിലാണ് ശിഖര്‍ ധവാന്‍ സെഞ്ച്വറി തികച്ചത്. മൂന്നാം ദിവസത്തെ കളി പൂര്‍ത്തിയായപ്പോള്‍ ധവാന്റെ മികവാര്‍ന്ന സെഞ്ച്വറിയുടെയും മുരളി വിജയുടെ അര്‍ദ്ധശതകത്തിന്റെയും ബലത്തില്‍ ഇന്ത്യ പത്തു വിക്കറ്റ് ശേഷിക്ക 283 റണ്‍സ് എടുത്തിട്ടുണ്ട്. ആസ്‌ത്രേലിയയുടെ ഒന്നാമിന്നിങ്ങ്‌സ് സ്‌കോറായ 408 റണ്‍സിലെത്താന്‍ 125 റണ്‍സ് കൂടി ഇന്ത്യയ്ക്ക് വേണം. 168 പന്തുകള്‍ നേരിട്ട ശിഖര്‍ ധവാന്‍ 185 റണ്‍സ് നേടിക്കഴിഞ്ഞു. 110.11 റണ്‍സ് സ്‌ട്രൈക്ക് റേറ്റ് ആണ് ധവാനുള്ളത്. 181 പന്തില്‍ 83 റണ്‍സാണ് മുരളി വിജയ് നേടിയത്.