ഡങ്കന്‍ ഫഌച്ചറുടെ കാലാവധി നീട്ടി

single-img
16 March 2013

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഡങ്കന്‍ ഫഌച്ചറുടെ കാലാവധി ഒരു വര്‍ഷത്തേയ്ക്കു നീട്ടി. ബിസിസിഐയുമായി രണ്ടു വര്‍ഷത്തെ കരാറാണ് ഫഌച്ചര്‍ ഒപ്പുവച്ചിരുന്നത്. കരാറിന്റെ കാലാവധി വരുന്ന ഏപ്രിലില്‍ അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷത്തേയ്ക്ക് കൂടി ടീം ഇന്ത്യയെ പരിശീലിപ്പിക്കാനുള്ള കരാര്‍ നീട്ടി നല്‍കിയത്. 2011 ഏപ്രിലില്‍ ആണ് രണ്ട് വര്‍ഷത്തെ കരാറില്‍ ഫഌച്ചര്‍ ഇന്ത്യന്‍ കോച്ചായി ചുമതലയേറ്റത്. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 2011 മെയില്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി ചുമതലയേറ്റ ട്രെവര്‍ പെന്നിയ്ക്കും ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ നീട്ടി നല്‍കി.

ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സമയത്താണ് ഫഌച്ചര്‍ കോച്ചായി ചുമതലയേറ്റത്. എന്നാല്‍ മുന്‍ഗാമിയായ ഗാരി കേസ്റ്റന്റെ മികവ് അദേഹത്തിനില്ല എന്ന് വിമര്‍ശകര്‍ക്ക് പറയാന്‍ അവസരം നല്‍കി കൊണ്ട് ഇന്ത്യന്‍ ടീം തുടര്‍ച്ചയായി മത്സരങ്ങള്‍ തോല്‍ക്കുന്നതാണ് പിന്നീട് കണ്ട്ത്. ഇംഗ്ലണ്ടിലും ആസ്‌ത്രേലിയയിലും ഏറ്റുവാങ്ങിയ തോല്‍വികള്‍ ഫഌച്ചറുടെ കസേര തെറിപ്പിക്കുമെന്ന സന്ദേഹമുണ്ടാക്കിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരകളില്‍ താരതമ്യേന മികച്ച പ്രകടനം ടീമിനു കാഴ്ചവയ്ക്കാനായത് അദേഹത്തിനു തുണയായി. വരാനിരിക്കുന്ന ഒരു വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെയും ഇംഗ്ലണ്ട് ആതിഥ്യമരുളുന്ന ചാമ്പ്യന്‍സ് ട്രേഫിയിലും ട്വന്റി ട്വന്റി ലോകകപ്പും ഉള്‍പ്പെടെ നിരവധി അഗ്നിപരീക്ഷകളാണ് ഫഌച്ചറിനെ കാത്തിരിക്കുന്നത്.