കല്യാണക്കാര്യത്തില്‍ എന്റെ അമ്മയ്ക്കിത്ര ആശങ്കയില്ല

single-img
16 March 2013

ബോളിവുഡിന്റെ മുന്‍നിര നായികയെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ബിപാഷ ബസുവിന്റെ കരിയര്‍ പ്ലാനിനെക്കുറിച്ചൊന്നും മാധ്യമവീരന്മാര്‍ക്ക് അറിയണമെന്നേയില്ല. എത്രയും പെട്ടെന്ന് ബിപാഷയെ കെട്ടിച്ചയക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമേ അവര്‍ക്കുള്ളു എന്നതായിരിക്കുന്നു അവസ്ഥ. തന്റെ കല്യാണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍ കേട്ട് മടുത്തിരിക്കയാണ് ബംഗാളി സുന്ദരി. ഏറ്റവും ഒടുവിലായി തന്നോട് കല്യാണത്തെക്കുറിച്ച് തിരക്കിയ റിപ്പോര്‍ട്ടര്‍മാരുടെ മുഖത്തുനോക്കി ബിപ്‌സ് പറഞ്ഞു ‘വിവാഹത്തെക്കുറിച്ച് എന്റെ സ്വന്തം അമ്മയെക്കാള്‍ കൂടുതല്‍ നിങ്ങളാണ് തിരക്കുന്നത്. അമ്മയ്ക്ക് ഇത്ര ആശങ്കയില്ല. ഞാന്‍ എന്താണ് ഇതിനു മറുപടി പറയേണ്ടത്.’ ഒന്‍പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം നടന്‍ ജോണ്‍ എബ്രഹാമുമായുള്ള ബന്ധം 2011ലാണ് ബിപാഷ അവസാനിപ്പിച്ചത്. ശേഷം മറ്റു പല നായകന്‍മാരുമായും അവരുടെ പേരു ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ വന്നെങ്കിലും വിവാഹജീവിതത്തിലേയ്ക്ക് ചുവടുവയ്ക്കാന്‍ ബോളിവുഡിന്റെ ഹോട്ട് ഗേള്‍ ആലോചിക്കുന്നതേയില്ലെന്നാണ് സൂചന. മികച്ച വേഷങ്ങളിലൂടെ ബോളിവുഡില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടുകയെന്നതു മാത്രമാണ് ഇപ്പോള്‍ ബിപാഷ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 22 ന് റിലീസ് ചെയ്യുന്ന ‘ആത്മ’ എന്ന ഹൊറര്‍ ചിത്രത്തില്‍ അമ്മ വേഷത്തിലാണ് മുപ്പത്തിനാലു വയസ്സുകാരിയായ ബിപാഷയെത്തുന്നത്. മിനിസ്‌ക്രീനില്‍ ഭാഗ്യപരീക്ഷണം നടത്താനും തനിയ്ക്ക് ആഗ്രഹമുള്ളതായി ബിപാഷ പറഞ്ഞു.