മൊഹാലി ടെസ്റ്റ്: ആസ്‌ത്രേലിയ ഏഴിന് 273

single-img
15 March 2013

മൊഹാലി ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആസ്‌ത്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എടുത്തു. ഓപ്പണിങ്ങ് വിക്കറ്റില്‍ ഡേവിഡ് വാര്‍നറും എഡ് കോവനും ഉയര്‍ത്തിയ 139 റണ്‍സിന്റെ കൂട്ടുകെട്ടിനു പിരിഞ്ഞതിനു ശേഷം മികച്ച രീതിയില്‍ ഇന്നിങ്ങ്‌സ് മുന്നോട്ടു കൊണ്ടു പോകാന്‍ ഓസീസ് ബാറ്റിങ്ങ് നിരയ്ക്കു കഴിഞ്ഞില്ല. സ്റ്റീവന്‍ സ്മിത്തും(58) മൈക്കല്‍ സ്റ്റാര്‍കുമാണ്(20) ക്രീസില്‍.

ടീം സ്‌കോര്‍ 139 ല്‍ നില്‍ക്കെ 71 റണ്‍സ് എടുത്ത വാര്‍നറെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ആസ്‌ത്രേലിയയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും മികച്ച കളി കാഴ്ചവച്ച ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് അതേ ടീം സ്‌കോറില്‍ പൂജ്യമാക്കി ജഡേജ മടക്കിയതോടെ ആസ്‌ത്രേലിയ അപകടം മണത്തു. തുടര്‍ന്നു കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ആസ്‌ത്രേലിയയെ പ്രതിരോധത്തിലാക്കി. മധ്യനിരയില്‍ അര്‍ദ്ധശതകവുമായി പുറത്താകാതെ നില്‍ക്കുന്ന സ്റ്റീവന്‍ സ്മിത്തും ബ്രാഡ് ഹാഡിനും(21) മൈക്കല്‍ സ്റ്റാര്‍കുമാണ് പിന്നീടിതുവരെ രണ്ടക്കം കടന്നത്. 86 റണ്്#സ് എടുത്ത ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ എഡ് കോവന്‍ ആണ് ടോപ്‌സ്‌കോറര്‍.
ഇന്ത്യയ്ക്കു വേണ്ടി 22 ഓവറില്‍ 56 റണ്‍സ് വിട്ടു കൊടുത്ത് മൂന്നു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ആസ്‌ത്രേലിയയ്ക്ക് വലിയ ആഘാതമേല്‍പ്പിച്ചത്. ഇശാന്ത് ശര്‍മ്മ 21 ഓവറില്‍ 41 റണ്‍സ് നല്‍കി രണ്ടു വിക്കറ്റും ആര്‍.അശ്വിനും പ്രഗ്യാന്‍ ഓജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.