ഗൗരിയമ്മയ്ക്ക് പി.സി. ജോര്‍ജിന്റെ വക്കീല്‍നോട്ടീസ്

single-img
14 March 2013

ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയ്ക്കും, റിപ്പോര്‍ട്ടര്‍ ടിവി ചാനലിനുമെതിരേ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരേ സത്യവിരുദ്ധ വാര്‍ത്ത കെട്ടിച്ചമച്ചു വ്യാജപ്രചാരണം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍, കെ.ആര്‍. ഗൗരിയമ്മ എന്നിവരടക്കം ഏഴു പേര്‍ക്കെതിരേ ജോര്‍ജ് ഹൈക്കോടതി അഭിഭാഷകന്‍ ജോയി ജോര്‍ജ് മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്. റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ എം.വി. നികേഷ് കുമാര്‍, ഇടുക്കി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.എസ്. അനീഷ്‌കുമാര്‍, കെ.ആര്‍. ഗൗരിയമ്മ, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ലോനപ്പന്‍ നമ്പാടന്‍, തൊടുപുഴ മ്രാല സ്വദേശി വിന്‍സെന്റ് അഗസ്റ്റിന്‍, ഇയാളുടെ സഹോദരന്‍ ജോയി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരേയാണു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴുദിവസത്തിനകം മറുപടി ബോധിപ്പിച്ചില്ലെങ്കില്‍ 10 കോടി രൂപ ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും ജോര്‍ജ് അറിയിച്ചു. ചാനലില്‍ സത്യവിരുദ്ധമായ വാര്‍ത്ത കെട്ടിച്ചമച്ചു തനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതായി ജോര്‍ജ് ആരോപിച്ചു.