മഴ കളിച്ചു; ഒരു പന്തു പോലുമില്ലാതെ ആദ്യ ദിനം

single-img
14 March 2013

മൊഹാലി : ആദ്യ രണ്ടു ടെസ്റ്റിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലെത്തിയ ഇന്ത്യയ്ക്കും നാണംകെടുത്തിയ തോല്‍വികളില്‍ നിന്ന് ആശ്വാസം തേടിയെത്തിയ ആസ്‌ത്രേലിയയ്ക്കും മൊഹാലിയിലെ ആദ്യ ദിനം നല്‍കിയത് നിരാശ. അതിരാവിലെ മഴ തിമിര്‍ത്തു പെയ്തതോടെ ഒരു പന്തു പോലും എറിയാതെ ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌റ്റേഡിയത്തിലെത്തിയ ഇരുടീമിലെയും കളിക്കാര്‍ ഇന്നത്തെ കളി ഉപേക്ഷിച്ചതോടെ നിരാശരായി ഹോട്ടലിലേയ്ക്കു മടങ്ങി.

പരമ്പരയില്‍ 2-0 ന് പിന്നിട്ടു നില്‍ക്കുന്ന ആസ്‌ത്രേലിയയ്ക്ക് മൊഹാലി ടെസ്റ്റ് നിര്‍ണ്ണായകമാണ്. ഈ കളിയില്‍ സമനിലയോ തോല്‍വിയോ ആണ് നേരിടുന്നതെങ്കില്‍ പരമ്പര തന്നെ ഓസീസിന്റെ കൈവിട്ടു പോകും. അച്ചടക്ക നടപടിയുടെ പേരില്‍ നാലു കളിക്കാരെ ഒരു കളിയില്‍ നിന്നും വിലക്കിയതിന്റെ ക്ഷീണത്തിലാണ് ആസ്‌ത്രേലിയ മൊഹാലിയില്‍ കളിക്കാനെത്തിയത്. ആസ്‌ത്രേലിയന്‍ ടീമിലെ പ്രശ്‌നങ്ങളുടെയും മഴയുടെയും ചുവടുപിടിച്ച് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയ്ക്ക് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.