റസൂലിനു പ്രിയപ്പെട്ടവള്‍ അന്ന തന്നെ

single-img
14 March 2013

അന്നയായി തനിയ്‌ക്കൊപ്പം വെള്ളിത്തിരയില്‍ പ്രണയനിമിഷങ്ങള്‍ പങ്കിട്ട ആന്‍ഡ്രിയ ജറമിയാസിനു യഥാര്‍ഥ ജീവിതത്തിലും തന്റെ ഹൃദയം നല്‍കിക്കഴിഞ്ഞതായി ഫഹദ് ഫാസില്‍. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ യുവതാരം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഫഹദിനു ആന്‍ഡ്രിയയോട് പ്രണയം തോന്നിയത്. എന്നാല്‍ ഷൂട്ടിങ്ങ് വേളയില്‍ കൂടെ അഭിനയിക്കുന്ന മറ്റു നടിമാരോട് കാണിക്കുന്ന അതേ അകലമായിരുന്നു ആന്‍ഡ്രിയയോടും ഫഹദിനുണ്ടായിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണാനും ഡബ്ബിങ്ങിനുമായി ചെന്നൈയില്‍ എത്തിയപ്പോഴാണ് തന്റെ കനവിലെ മൊഞ്ചത്തിയായി ആന്‍ഡ്രിയ കയറിക്കൂടിയ വിവരം ഫഹദ് തുറന്നു പറഞ്ഞത്. പ്രണയം ആന്‍ഡ്രിയയോട് തുറന്നു പറഞ്ഞെങ്കിലും പ്രതികരണം പോസിറ്റീവ് ആയില്ല. എല്ലാം ഫഹദിന്റെ തോന്നല്‍ ആണെന്നു പറഞ്ഞ ആന്‍ഡ്രിയ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ വൈകാതെ ഫഹദിന്റെ പ്രണയവഴിയിലേയ്ക്ക് ആന്‍ഡ്രിയയും വന്നെത്തി. ജീവിതത്തില്‍ ഒപ്പം കൂട്ടുന്ന പെണ്‍കുട്ടിയില്‍ വേണമെന്നാഗ്രഹിച്ച ഗുണങ്ങളെല്ലാം ആന്‍ഡ്രിയയിലുണ്ടെന്ന് ഫഹദ് പറയുന്നു. താന്‍ പ്രണയത്തിലാണെന്ന കാര്യം വളരെനാള്‍ മുന്‍പു തന്നെ ഫഹദ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തി. ഒടുവില്‍ ദുരൂഹത നീക്കി ഫഹദ് തന്നെ ആന്‍ഡ്രിയയുടെ പേരു പറഞ്ഞതോടെ ഒരു പുതിയ പ്രണയ ജോഡിയെ ലഭിച്ചതിന്റെ ത്രില്ലിലാണ് സിനിമാ ലോകം.