വിമാനം സമയത്തിനു മുന്‍പ് പറന്നു; ഗോ എയര്‍ നഷ്ടപരിഹാരം നല്‍കണം

single-img
12 March 2013

ആദ്യം അറിയിച്ചിരുന്ന സമയത്തിനു മുന്‍പേ വിമാനം പുറപ്പെടുന്നത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഉപഭോക്താവിനെ അറിയിക്കാതിരുന്ന ഗോ എയര്‍ എയര്‍ലെന്‍സിനു പിഴ ശിക്ഷ. ഡല്‍ഹി സ്വദേശിയായ ഖുര്‍ഷീദ് അഹമ്മദിന് ഗോ എയര്‍ 25,000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. കണ്‍സ്യൂമര്‍ ഫോറം ആണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 2010 ഡിസംബര്‍ ഒന്നിനാണ് സംഭവം നടന്നത്. പട്‌നയില്‍ നിന്നും ഡല്‍ഹിയിലേയ്ക്കുള്ള ഗോ എയര്‍ വിമാനത്തില്‍ തനിക്കും ഭാര്യയ്ക്കും യാത്ര ചെയ്യുന്നതിനായി ഖുര്‍ഷീദ് അഹമ്മദ് ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വൈകുന്നേരം 5.55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ടര മണിക്കൂറിനു മുന്‍പേ 3.10 ന് തന്നെ പട്‌ന എയര്‍പോര്‍ട്ടില്‍ നിന്നും പറന്നു. എന്നാല്‍ സമയമാറ്റത്തിന്റെ കാര്യം ഖുര്‍ഷീദ് അഹമ്മദിനെ കമ്പനി അറിയിച്ചില്ല. ഇതു കാരണം. 5.55 ന്റെ വിമാനത്തില്‍ കയറാനായി എത്തിയ അദേഹത്തിനും ഭാര്യയ്ക്കും യാത്ര ചെയ്യാനായില്ല. മാത്രവുമല്ല അടുത്ത ദിവസം ഉച്ച കഴിഞ്ഞുള്ള വിമാനത്തിലാണ് ഖുര്‍ഷീദും ഭാര്യയും ഡല്‍ഹിയിലേയ്ക്ക് പോയത്. ഇടയ്ക്കുളള സമയം മുഴുവന്‍ ഇരുവര്‍ക്കും എയര്‍പോര്‍ട്ടില്‍ ചെലവഴിക്കേണ്ടി വന്നു. ഗോ എയര്‍ കമ്പനി ഇവര്‍ക്ക് താമസ സൗകര്യമോ ഭക്ഷണമോ നല്കിയില്ല എന്നതും കാര്യങ്ങള്‍ അവര്‍ക്കെതിരെയാക്കി.