സൗദിയില്‍ ഇനിമുതല്‍ വധശിക്ഷ തോക്കുപയോഗിച്ച്

single-img
11 March 2013

സൗദി അറേബ്യയില്‍ കുറ്റവാളികള്‍ക്കുള്ള വധശിക്ഷ നടപ്പാക്കുന്നതിന് ഇനിമുതല്‍ തോക്ക് ഉപയോഗിക്കും. ആഭ്യന്തര മന്ത്രാലയം പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്ക് ഇതിനുള്ള അനുമതി നല്‍കി. നിലവിലെ വാളുപയോഗിച്ചുള്ള ശിരഛേദനത്തിനു പകരമാണ് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പിലാക്കുന്നത്. രാജ്യത്ത് വിവിധ പ്രവിശ്യകളില്‍ ആരാച്ചാരുമാരുടെ ക്ഷാമമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പൊതു സുരക്ഷാ വിഭാഗം, ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്‍, നീതിന്യായ മന്ത്രാലയം, ജയില്‍ കാര്യാലയം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

സൗദിയിലെ പല പ്രവിശ്യകളും വാളുപയോഗിച്ചുള്ള വധശിക്ഷ വിദഗ്ധരായ ആരാച്ചാര്‍മാരുടെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് ആരാച്ചാര്‍മാരെ കൊണ്ടു വരുന്നതിലുണ്ടാകുന്ന തടസ്സങ്ങളും ആരാച്ചാര്‍ വൈകുന്നതു കൊണ്ടുണ്ടാകുന്ന സുരക്ഷ പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്താണ് തോക്കുപയോഗിച്ചുള്ള വധശിക്ഷയിലേയ്ക്ക സൗദി മാറുന്നത്. പുതിയ രീതി ശരിയത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമാകില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സമിതി നല്‍കിയത്. ഓരോ പ്രവിശ്യയിലെയും ഗവര്‍ണര്‍മാര്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന രീതി തീരുമാനിക്കാം എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.