എന്‍ടിആര്‍ എക്കാലത്തെയും മികച്ച ഇന്ത്യന്‍ നടനെന്ന് സര്‍വേ ഫലം

single-img
11 March 2013

തെലുങ്കു സിനിമയിലെ സൂപ്പര്‍ താരവും ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന നന്ദമുരി തരക രാമ റാവു (എന്‍ടിആര്‍) നൂറു വര്‍ഷത്തെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടനെന്ന് സര്‍വേ ഫലം. സിഎന്‍എന്‍ ഐബിഎന്‍ ചാനലാണ് ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷത്തോടനുബന്ധിച്ച് സര്‍വ്വേ നടത്തിയത്. ദക്ഷിണേന്ത്യന്‍ സിനിമയിലും ബോളിവുഡിലും സൗന്ദര്യത്തിന്റെയും അഭിനയത്തിന്റെയും പര്യായമായി മാറിയ ശ്രീദേവിയ്ക്കാണ് എക്കാലത്തെയും മികച്ച നടി എന്ന പദവി ലഭിച്ചത്. എന്‍ടിആര്‍ 53 ശതമാനം വോട്ടാണ് നേടിയത്. അദേഹത്തിനു പുറകിലായി ഉലകനായകന്‍ കമല്‍ ഹാസന്‍ 44 ശതമാനം വോട്ടുമായി രണ്ടാമതെത്തി. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ ലാലും കന്നട സിനിമയിലെ സൂപ്പര്‍ താരം രാജ് കുമാറുമാണ് മൂന്നാമതെത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത ഒരു ശതമാനം ആളുകളുടെ വോട്ട് ഇരുവരും പങ്കിട്ടു.

നടിമാരില്‍ ശ്രീദേവി 39 ശതമാനം വോട്ടു നേടിയപ്പോള്‍ രണ്ടാമതെത്തിയ മാധുരി ദീക്ഷിത് 16 ശതമാനം ആളുകളുടെ പ്രിയങ്കരിയായി.
1950 മുതല്‍ മൂന്നു പതിറ്റാണ്ടോളം തെന്നിന്ത്യന്‍ സിനിമയില്‍ നായികയായിരുന്ന സാവിത്രിയാണ് 12 ശതമാനം വോട്ടുകളുമായി മൂന്നാമതെത്തിയത്. ഐശ്വര്യ റായ് എട്ടു ശതമാനം വോട്ടും സരോജ ദേവി ആറു ശതമാനം വോട്ടും മധുബാല നാലു ശതമാനം വോട്ടും സ്മിത പാട്ടീല്‍ മൂന്നു ശതമാനം വോട്ടും നേടി തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി.
കമലല്‍ ഹാസനെ നായകനാക്കി മണി രത്‌നം ഒരുക്കിയ നായകന്‍ ആണ് നൂറ്റാണ്ടിലെ സിനിമയ്ക്കുള്ള വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത്. 42 ശതമാനം വോട്ട് നായകനു ലഭിച്ചു. രമേഷ് സിപ്പിയുടെ ഷോലെ 29 ശതമാനം വോട്ടുമായി രണ്ടാമതെത്തി. സ്വയംവരം ആറു ശതമാനം വോട്ടുമായി മൂന്നാമതും മുഗള്‍-ഇ-അസമും പാഥേര്‍ പാഞ്ചാലിയും അഞ്ചു ശതമാനം വോട്ടുമായി നാലാമതുമായി.
ഇന്ത്യയുടെ ഏറ്റവും മികച്ച സംവിധായകനുള്ള സ്ഥാനം മണി രത്‌നം സ്വന്തമാക്കി. 29 ശതമാനം വോട്ടാണ് അദേഹത്തിനു ലഭിച്ചത്. കെ.ബാലചന്ദര്‍ 18 ശതമാനം വോട്ടുമായി രണ്ടാമതെത്തി. സത്യജിത് റേ 14 ശതമാനം വോട്ടുമായി മൂന്നാമതും എസ്.ശങഅകര്‍ ഒന്‍പതു ശതമാനം വോട്ടുമായി നാലാമതുമെത്തി. ഇളയരാജയ്ക്കാണ് സംഗീത സംവിധായകരില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. 49 ശതമാനം പേര്‍ അദേഹത്തിനു വോട്ടു ചെയ്തു. ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച എ.ആര്‍.റഹ്മാന് 29 ശതമാനം വോട്ടും രണ്ടാം സ്ഥാനവും ലഭിച്ചു. ഗായകനും സംഗീത സംവിധായകനുമായ എസ്.പി.ബാലസുബ്രഹ്മണ്യം ഏഴു ശതമാനം വോട്ടുമായി മൂന്നാമതെത്തി.നാലു ശതമാനം വോട്ടുമായി ആര്‍.ഡി.ബര്‍മന്‍ നാലാമതെത്തി.