കോഴിക്കോട്ടേത് ആസൂത്രിതമായ സംഘര്‍ഷമെന്ന് കളക്ടര്‍; പോലീസിനെതിരെ കടുത്ത നടപടിവേണമെന്ന് സര്‍വകക്ഷി യോഗം

single-img
11 March 2013

Kzdഹെല്‍മെറ്റ് വെട്ടയെതുടര്‍ന്നുള്ള സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്നും സംഘര്‍ഷത്തിനുപിന്നില്‍ സാമൂഹിക വിരുദ്ധ ശക്തികളുടെ പങ്കുണെ്ടന്നും ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും. പോലീസിന്റെ ഹെല്‍മെറ്റ് വെട്ടയെ തുടര്‍ന്ന് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ബസിനടിയില്‍പെട്ട് മരിക്കാനിടയായതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷം ഒഴിവാക്കാനായി ഇന്ന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ജില്ലാ കളക്ടര്‍ കെ.വി മോഹന്‍കുമാറും സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജ്ജന്‍കുമാറും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച യോഗത്തില്‍ വിശദീകരിച്ചത്.

പ്രശ്‌നം വഷളാക്കിയത് സാമൂഹിക വിരുദ്ധരാണ്. പോലീസിന്റെ നടപടിയ്‌ക്കെതിരെ വിവിധ കോണില്‍ നിന്നുയര്‍ന്ന വിമര്‍ശനത്തിലാണ് സര്‍വക്ഷി യോഗത്തില്‍ ജില്ലാ കളക്ടറും സിറ്റിപോലീസ് കമ്മീഷണറും വിശദീകരിച്ചത്. എന്നാല്‍ വിശദീകരണത്തില്‍ തൃപ്തരാകാത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പോലീസിനെതിരെ കൂടുതല്‍ നടപടി വേണമെന്ന കാര്യത്തില്‍ ഉറച്ചു നിന്നു. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരനെന്ന് കണെ്ടത്തിയ പന്നിയങ്കര എസ്‌ഐ അനില്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും യുവാക്കളുടെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇതുസംബന്ധിച്ച ധാരണയായിട്ടില്ലെങ്കിലും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എല്ലാവരും തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.