വിജേന്ദര്‍ മയക്കുമരുന്ന്‌ ഉപയോഗിച്ചു

single-img
10 March 2013

ഇന്ത്യന്‍ ബോക്‌സിങ്ങ്‌ താരം വിജേന്ദര്‍ സിങ്‌ മയക്കുമരുന്ന്‌ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. പഞ്ചാബ്‌ പോലീസ്‌ ആണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌. സ്‌റ്റാമിന വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണ പദാര്‍ഥം എന്നു കരുതിയാണ്‌ താനും വിജേന്ദറും മയക്കുമരുന്ന്‌ കഴിച്ചതെന്ന്‌ രാം സിങ്‌ എന്ന ബോക്‌സര്‍ പോലീസിനോടു സമ്മതിക്കുകയായിരുന്നു. മൊഹാലിയിലെ ഒരു ഫ്‌ളാറ്റില്‍ നിന്ന്‌ 130 കോടി രൂപയുടെ മയക്കുമരുന്ന്‌ പിടിച്ചെടുത്ത കേസില്‍ പിടിയിലായ അനുപ്‌ സിങ്‌ കഹ്ലോണ്‍ ആണ്‌ വിജേന്ദറിനും രാം സിങിനും മയക്കു മരുന്ന്‌ നല്‍കിയത്‌. എന്നാല്‍ മയക്കുമരുന്നാണെന്ന്‌ മനസ്സിലാക്കിയതോടെ വിജേന്ദറും രാം സിങും ഉപയോഗം നിര്‍ത്തിയെന്നും വിശദീകരണത്തില്‍ പറയുന്നു. കേസില്‍ വിജേന്ദറിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്‌.
മയക്കുമരുന്ന്‌ ഉപയോഗിച്ചെന്ന വാര്‍ത്തയ്‌ക്ക്‌ സ്ഥിരീകരണം വന്നതോടെ രാം സിങിനെ പട്യാലയില്‍ നടക്കുന്ന ദേശീയ ബോക്‌സിങ്ങ്‌ ക്യാമ്പില്‍ നിന്നും പുറത്താക്കി. വിജേന്ദറിന്റെ സുഹൃത്തായ ഇയാളെ ആദ്യം ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ വിജേന്ദര്‍ ശുപാര്‍ശ ചെയ്‌ത്‌ രാം സിങിനെ ക്യാമ്പിലെത്തിക്കുകയായിരുന്നു.