വാപ്പച്ചിയുടെ അനുഗ്രഹമേറ്റു വാങ്ങി ഷമീറ വിവാഹിതയായി

single-img
10 March 2013

നൂറു കണക്കിനാളുകള്‍ പങ്കെടുത്ത വിവാഹച്ചടങ്ങലില്‍ ഒരേ ഒരാളുടെ സാന്നിദ്ധ്യമാണ്‌ ഷമീറ ജൗഹര്‍ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത്‌. രണ്ടര വര്‍ഷമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണകാത്തു കഴിയുന്ന പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനിയുടെ മകള്‍ ആഗ്രഹിച്ചതു പോലെ തന്നെ വാപ്പച്ചിയെത്തി. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ നടന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മദനിയെ കാത്തു നിന്ന ആയിരങ്ങള്‍ ആരവം മുഴക്കിയാണ്‌ അദേഹത്തെ സ്വീകരിച്ചത്‌. വികാര നിര്‍ഭരമായ വരവേല്‍പ്പിനൊടുവില്‍ അണികളെ അഭിസംബോധന ചെയ്‌ത്‌ മദനി സംസാരിച്ചു. നീതിയുടെ ചെറിയൊരു കിരണം പോലും കാണാന്‍ കഴിയുന്നില്ല. എന്നാല്‍ അതില്‍ നിരാശയോ ദുഖമോ ഇല്ല. പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണയില്‍ അഭിമാനമുണ്ട്‌. മദനി പറഞ്ഞു. കേരളത്തിലേയ്‌ക്ക്‌ തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വളരെ മുന്‍പു പറഞ്ഞു പോയ ചില പരുഷമായ വാക്കുകളുടെ പേരിലാണ്‌ ഇപ്പോഴും താന്‍ ക്രൂശിക്കപ്പെടുന്നതെന്നു പറഞ്ഞ അദേഹം താന്‍ മാത്രമല്ല ജയിലില്‍ കഴിയുന്ന നിരപരാധിയെന്നും പറഞ്ഞു.
ബംഗളൂരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലിലായിരുന്ന മദനിയ്‌ക്കു മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്‌ കോടതി അഞ്ചു ദിവസത്തെ താല്‌കാലിക ജാമ്യം അനുവദിച്ചത്‌. ഇന്നലെ രാത്രിയാണ്‌ കേരളത്തിലെത്തിയത്‌. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ തങ്ങുന്ന അദേഹം തിങ്കളാഴ്‌ച അന്‍വാര്‍ശ്ശേരിയിലെത്തി സുഖമില്ലാത്ത പിതാവിനെ കണ്ടശേഷം ബുധനാഴ്‌ച ബംഗളൂരുവിലേയ്‌ക്കു മടങ്ങും.