മദനി കേരളത്തിലെത്തി

single-img
9 March 2013

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനി തിരുവനന്തപുരത്ത്‌ വിമാനമിറങ്ങി. ബംഗളൂരുവില്‍ നിന്നും സ്‌പൈസ്‌ ജെറ്റിന്റെ പ്രത്യേക വിമാനത്തില്‍ രാത്രി 9.45 നാണ്‌ മദനി എത്തിയത്‌. വിമാനത്താവളത്തില്‍ നിന്നും ആംബുലന്‍സില്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലേയ്‌ക്ക്‌ അദേഹത്തെ കൊണ്ടു പോയി. നാളെ കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. തിങ്കളാഴ്‌ച അന്‍വാര്‍ശ്ശേരിയില്‍ പിതാവിനെ സന്ദര്‍ശിക്കും. തുടര്‍ന്ന്‌ അസീസിയ ആശുപത്രിയില്‍ തങ്ങിയ ശേഷം ചൊവ്വാഴ്‌ച ബംഗളൂരുവിലേയ്‌ക്കു മടങ്ങും. കനത്ത സുരക്ഷയാണ്‌ മദനിയ്‌ക്കായി ഒരുക്കിയിരിക്കുത്‌.
ഇന്ന്‌ രാവിലെ കേരളത്തിലെത്തുമെന്ന്‌ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും കര്‍ണ്ണാടക പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ വീഴ്‌ചയാണ്‌ യാത്ര വൈകിപ്പിച്ചത്‌. മദനിയെ അനുഗമിച്ച കര്‍ണ്ണാടക സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന്‌ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ ഇടപെട്ടാണ്‌ പ്രശ്‌നം പരിഹരിച്ചത്‌.