ഷാവേസ് മണ്‍മറയില്ല

single-img
9 March 2013

വെനസ്വലന്‍ വിപ്ലവ നക്ഷത്രം ഹ്യൂഗോ ഷാവേസിന്റെ ഭൗതികദേഹം മണ്ണോടു ചേരില്ല. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ ലെനിന്‍, മാവോ, ഹോമിചിന്‍ എന്നിവരുടേതിനു സമാനമായാണ് ഷാവേസിന്റെ ശരീരവും ലോകത്തിനായി കാത്തുസൂക്ഷിക്കുന്നത്. എംബാം ചെയ്യുന്ന വിവരം വെനസ്വലയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിക്കോളാസ് മഡൂരോയാണ് ലോകത്തെ അറിയിച്ചത്. ഷാവേസിന്റെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. അതിനു ശേഷമാണ് മഡൂരോ അധികാരമേറ്റത്. മൃതദേഹം ഏഴു ദിവസം പൊതു ദര്‍ശനത്തിനായി വയ്ക്കും. ശേഷം എംബാം നടപടികളാരംഭിക്കും.

ഷാവേസ് പ്രസിഡന്റായിരിക്കെ താമസിച്ച കൊട്ടാരത്തിനു സമീപമുള്ള സൈനിക മ്യൂസിയത്തിലാണ് അദേഹത്തിന്റെ എംബാം ചെയ്ത ശരീരം സൂക്ഷിക്കുക. വിപ്ലവനേതാവിനെ ഒരു നോക്കു കാണാനായി കൊതിക്കുന്ന ലക്ഷക്കണക്കിനാളുകളെ മാനിച്ചാണ് എംബാം ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്കായി ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് എന്നിവരുള്‍പ്പെടെ മുപ്പത്തിയഞ്ചിലധികം രാഷ്ട്ര നേതാക്കള്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന ഷാവേസിന്റെ മൃതദേഹം കാണാന്‍ പതിനായിരങ്ങളാണ് കാരക്കസിലെ മിലിട്ടറി അക്കാദമിയിലേയ്ക്കു പ്രവഹിക്കുന്നത്.