പാക് പ്രധാനമന്ത്രി ഇന്ത്യയില്‍

single-img
9 March 2013

അജ്മീര്‍ ദര്‍ഗ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തി. ജയ്പൂരിലെത്തിയ അദേഹത്തിനൊപ്പം കുടുംബാംഗങ്ങളുമുണ്ട്. പ്രതീക്ഷിരുന്നതിലും അരമണിക്കൂര്‍ വൈകിയാണ് പാക് പ്രധാനമന്ത്രി എത്തിയത്. അന്‍പതു പേരടങ്ങുന്ന സംഘമാണ് അദേഹത്തിനൊപ്പമെത്തിയത്. ജയ്പൂരിലെ രാംഭാദ് പാലസ് ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണത്തിനു ശേഷം മൂന്നു ഹെലികോപ്റ്റരുകളിലായി അജ്മീര്‍ ഷരീഫ് ദര്‍ഗയിലേയ്ക്കു പോകും.

എന്നാല്‍ പാക് പ്രധാനമന്ത്രിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രാര്‍ഥനാചടങ്ങുകള്‍ക്കുള്ള സൗകര്യമൊരുക്കില്ലെന്ന് ദര്‍ഗ അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികന്റെ തലയറുക്കുകയും മൃതദേഹത്തോട് അനാദരവു കാട്ടുകയും ചെയ്ത പാക് സൈന്യത്തിന്റെ ക്രൂര പ്രവര്‍ത്തിയില്‍ അപലപിക്കാനോ നടപടിയെടുക്കാനോ രാജാ പര്‍വേസ് തയ്യാറാകാതിരുന്നതാണ് പ്രതിഷേധത്തിനു കാരണം. രാജാ പര്‍വേസിന്റെ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന് ദര്‍ഗ മേധാവി സയ്യിദ് സൈനുല്‍ അബ്ദിന്‍ അലി ഖാന്‍ അറിയിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത് കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനെ അനാദരിക്കലാണെന്നും അദേഹം പറഞ്ഞു.
പാക് പ്രധാനമന്ത്രിയ്ക്ക് നയതന്ത്ര നിയമപ്രകാരം സുരക്ഷയും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജയ്പൂരില്‍ രാജാ പര്‍വേസിനും കുടുംബത്തിനും ഉച്ചഭക്ഷണ വിരുന്നൊരുക്കുന്നതും വിദേശകാര്യ വകുപ്പാണ്. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വിരുന്നില്‍ പങ്കെടുക്കും. ദര്‍ഗയ്ക്കു പുറത്ത് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി എത്തുമെന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.