യുഡിഎഫ് യോഗം ആരംഭിച്ചു ; ഗണേഷിന്റെ ഭാവി ഇന്നറിയാം

single-img
7 March 2013

മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത നിര്‍ണ്ണായക യുഡിഎഫ് യോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം നടക്കുന്നത്. പ്രധാന ഘടക കക്ഷി നേതാക്കളെല്ലാം പങ്കെടുക്കുന്ന യോഗത്തില്‍ കെ.എം. മാണി, ആര്‍.ബാലകൃഷ്ണ പിള്ള, ജോണി നെല്ലൂര്‍ എന്നിവര്‍ പങ്കെടുക്കുന്നില്ല. ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനത്തു തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. മുസ്ലീം ലീഗും സോഷ്യലിസ്റ്റ് ജനതയും ഗണേഷിനെ പിന്തുണയ്ക്കുന്നുണ്ട്. അതേ സമയം ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനത്തു തുടര്‍ന്നാല്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ജോര്‍ജിനെതിരെ ഗണേഷ് കുമാര്‍ നല്‍കിയ പരാതിയും ഗണേഷിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ള നല്‍കിയ കത്തും യോഗം പരിഗണിക്കുന്നുണ്ട്.

യുഡിഎഫ് യോഗത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ഗണേഷ് കുമാറിന്റെ രാജി ഒഴിവാക്കുന്നതിനായി മന്ത്രി ഷിബു ബേബി ജോണിന്റെ മുന്നിട്ടിറങ്ങുകയായിരുന്നു. ഗണേഷ് കുമാര്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് അദേഹത്തിനനുകൂലമായ നിലപാടാണ് സുകുമാരന്‍ നായരും സ്വീകരിച്ചത്.