ഗണേഷ് രാജിവയ്ക്കില്ല

single-img
7 March 2013

ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ വനം മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനം. എന്നാല്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകും എടുക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. ക്ലിഫ് ഹൗസില്‍ ചേര്‍ന്ന മുന്നണിയിലെ പ്രമുഖ കക്ഷി നേതാക്കളുടെ ഉന്നതാധികാര യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ മുന്നണി മര്യാദകള്‍ ലംഘിച്ച് ഗണേഷിനെതിരെ ആരോപണമുന്നയിച്ച പി.സി.ജോര്‍ജിനെതിരെയും നടപടിയുണ്ടാകില്ല. ജോര്‍ജിനെതിരെ ഘടകകക്ഷികള്‍ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യോഗത്തിനു മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ സമവായമുണ്ടായത്. ഗണേഷിന്റെത് കുടുംബപ്രശ്‌നമാണെന്ന രീതിയിലുള്ള നിലപാടില്‍ നേതാക്കള്‍ ഉറച്ചു നിന്നതും ഈ വിഷയത്തില്‍ ഗണേഷിന്റ രാജി ആവശ്യപ്പെടില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതൃത്വം അറിയിച്ചതും കാര്യങ്ങള്‍ സുഗമമാക്കി.