മദനിയ്ക്ക് ഇടക്കാല ജാമ്യം

single-img
7 March 2013

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയ്ക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണക്കായി ജയിലില്‍ കഴിയുന്ന അദേഹത്തിന് ബംഗളൂരു പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം നല്‍കിയത്. മാര്‍ച്ച് എട്ടു മുതല്‍ 12 വരെ അഞ്ചു ദിവസത്തേയ്ക്കാണ് ജാമ്യം. അസുഖബാധിതനായ പിതാവിനെ സന്ദര്‍ശിക്കാനും അനുമതിയുണ്ട്. എന്നാല്‍ ജാമ്യ സമയത്ത് മാധ്യമങ്ങളോട് സംവദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും പിതാവിനെക്കാണാനുമായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. മദനിയ്ക്ക് കേരള പോലീസ് കര്‍ശന സുരക്ഷ ലഭ്യമാക്കണമെന്നും ഉത്തരവില്‍ അനുവദിച്ചിരിക്കുന്നതിനു പുറത്ത് യാതൊന്നും ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്. ജാമ്യം ലഭിച്ചതോടെ മദനി നാളെ കേരളത്തിലെത്തും. അദേഹത്തിന്റെ ആദ്യ വിവാഹത്തിലെ മകള്‍ ഷമീറയുടെ വിവാഹമാണ് മാര്‍ച്ച് പത്തിന്. കൊല്ലം കൊട്ടിയത്തുവച്ചാണ് വിവാഹം.
2008 ലെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള മദനി പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോഴുള്ളത്. കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തിയിട്ടുള്ള മദനി മുപ്പത്തിയൊന്നാം പ്രതിയാണ്.