കശ്മീരില്‍ നിരവധി പ്രദേശങ്ങളില്‍ കര്‍ഫ്യൂ

single-img
6 March 2013

സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ബാരാമുള്ളയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരില്‍ പലയിടത്തും സംഘര്‍ഷസാധ്യത. ഈ സാഹചര്യത്തില്‍ കശ്മീര്‍ താഴ്‌വരയിലെ റൈനവാരി, നൗഹാട്ട, സഫാ കദല്‍, മൗസുമ, കാരല്‍കുഡ്, സാദിബാല്‍, ബാരാമുള്ള, പുല്‍വാമ, സോപൂര്‍, കുല്‍ഗാം എന്നീ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വിവിധ പ്രദേശങ്ങളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സൈനികരുടെ വെടിയേറ്റ് തഹീര്‍ ലതീഫ് എന്ന ഇരുപത്തിനാലുകാരന്‍ കൊല്ലപ്പെട്ടത്. സൈനികര്‍ തങ്ങളുടെ വീടുകള്‍ കൊളളയടിക്കുന്നു എന്നാരോപിച്ച് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന നൂറോളം പേര്‍ക്കെതിരെയാണ് സൈന്യം വെടിയുതിര്‍ത്തത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു.
യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.