അസ്ലന്‍ഷാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീമിന്റെ യാത്രാച്ചെലവ് സായ് വഹിക്കും

single-img
5 March 2013

മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പായി. ടീമിന്റെ യാത്രച്ചെലവ് വഹിക്കാമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) സമ്മതിച്ചതോടെയാണ് ഇതുസംബന്ധിച്ചുണ്ടായിരുന്ന അനിശ്ചിതത്വം മാറിയത്. പണമില്ലാത്തതിനെത്തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ പങ്കെടുക്കില്ല എന്ന അവസ്ഥ വന്നതിനെത്തുടര്‍ന്ന് ഹോക്കി ഇന്ത്യ, സായ്, കായിക മന്ത്രാലയം അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി നരിന്ദര്‍ ബത്രയാണ് മാധ്യമങ്ങളെ അറിയിച്ചത്. ടീമിനു ലഭിക്കുന്ന ഫണ്ട് സംബന്ധിച്ച് സ്‌പോര്‍ട്‌സ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്ന് അദേഹം അറിയിച്ചു. ടീമിനു യാത്രാ ധനസഹായം നല്‍കുന്ന കാര്യം സായ് സെക്രട്ടറി ഗോപാല കൃഷ്ണയും സ്ഥിരീകരിച്ചു.
അതേസമയം ഹോക്കി ടീമിന്റെ ചെലവുകളെക്കുറിച്ച് കണക്കെടുപ്പു നടത്തുമെന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി പി.കെ.ദേബ് അറിയിച്ചു. ഒരു വര്‍ഷത്തേയ്ക്കായി 5.94 കോടി രൂപയാണ് സ്‌പോര്‍ട്‌സ് മന്ത്രാലയം ടീമിനു അനുവദിച്ചത്. എന്നാല്‍ അവര്‍ ഇതിനകം 11.27 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.
മാര്‍ച്ച് 9 മുതല്‍ 17 വരെ മലേഷ്യയിലെ ഇപോയിലാണ് അസ്ലന്‍ഷാ കപ്പ് നടക്കുന്നത്. ഇന്ത്യയും മലേഷ്യയും കൂടാതെ ആസ്‌ത്രേലിയ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, സൗത്ത് കൊറിയ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യ അഞ്ചു തവണ അസ്ലന്‍ഷാ കപ്പ് നേടിയിട്ടുണ്ട്.