മാലി ദ്വീപ് മുന്‍ പ്രസിഡന്റ് നഷീദിനെ അറസ്റ്റു ചെയ്തു

single-img
5 March 2013

മാലി ദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ പോലീസ് അറസ്റ്റു ചെയ്തു. നഷീദിനെ അറസ്റ്റു ചെയ്യുന്നതിനു തുര്‍ച്ചയായ മൂന്നാം തവണ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. പ്രസിഡന്റായിരിക്കെ ക്രിമിനല്‍ കോടതി ചീഫ് ജഡ്ജിയെ ഭരണഘടന വിരുദ്ധമായി അറസ്റ്റു ചെയ്യാന്‍ സൈന്യത്തിനു നിര്‍ദ്ദേശം നല്‍കിയതാണ് ഇദേഹത്തിനെതിരായ കേസ്. കോടതിയുടെ അറസ്റ്റ് വാറന്റിനെത്തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കുന്നതിനായി മുഹമ്മദ് നഷീദ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയിരുന്നു. നയതന്ത്ര രീതി പ്രകാരം ഒരു രാജ്യത്തിന്റെ എംബസി ആ രാജ്യത്തിന്റെ അധികാര പരിധിയില്‍ വരുന്നതിനാല്‍ മാലി പോലീസിനു നഷീദിനെ അറസ്റ്റു ചെയ്യാന്‍ സാധിച്ചില്ല. ഫെബ്രുവരി 13ന് ഇന്ത്യന്‍ എംബസിയില്‍ എത്തിയ നഷീദ് പത്തു ദിവസങ്ങള്‍ക്കു മുന്‍പാണ്‌ പുറത്തു വന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ നഷീദിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. മാലി ദ്വീപില്‍ ജനാധിപത്യ രീതിയില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു നഷീദ്. എന്നാല്‍ പോലീസ് കലാപത്തിലൂടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇദേഹത്തെ പുറത്താക്കുകയായിരുന്നു.