ത്രസിപ്പിക്കുന്ന വിജയം

single-img
5 March 2013

ഹൈദരാബാദ് ടെസ്റ്റിന്റെ നാലാം ദിനം തന്നെ വിധി നിര്‍ണ്ണയിക്കപ്പെട്ടു. ഒരു ഇന്നിങ്ങ്‌സിനും 135 റണ്‍സിനും ഓസീസ് നിരയെ തറപറ്റിച്ച് ടീം ഇന്ത്യ വിജയശ്രീലാളിതരായി പവലിയനിലേയ്ക്കു മടങ്ങി. ഒന്നാമിന്നിങ്ങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സിന്റെ ലീഡിനു മറുപടിയായി രണ്ടാമിന്നിങ്ങ്‌സില്‍ 131 റണ്‍സ് നേടാനേ ആസ്‌ത്രേലിയയ്ക്കായുള്ളു. ഈ വിജയത്തോടെ ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ജയത്തിലേയ്ക്കു നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് മഹേന്ദ്ര സിങ് ധോണി സ്വന്തമാക്കി. ആദ്യ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തതിനു ശേഷം ഇന്നിങ്ങ്‌സ് തോല്‍വി ഏറ്റുവാങ്ങിയ ആദ്യ ടീമെന്ന ചീത്തപ്പേരാണ് ആസ്‌ത്രേലിയയ്ക്കു ലഭിച്ചത്. സ്‌കോര്‍: ആസ്‌ത്രേലിയ 237/9 ഡിക്ല., 131 ; ഇന്ത്യ 503

നാലാം ദിവസം രണ്ടിനു 74 റണ്‍സ് എന്ന നിലയിലാണ് ആസ്‌ത്രേലിയുടെ ഷെയ്ന്‍ വാട്‌സണും(9) എഡ് കോവനും(44) കളി പുനരാരംഭിച്ചത്. ഒരു റണ്‍ കൂടി ഇന്നിങ്ങ്‌സിലേയ്ക്കു ചേര്‍ക്കാനേ ഈ ജോഡിയ്ക്കു കഴിഞ്ഞുള്ളു. ഷെയ്ന്‍ വാട്‌സണെ ധോണിയുടെ കൈയിലെത്തിച്ച് ഇശാന്ത് ശര്‍മ ആസ്‌ത്രേലിയയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു. പീന്നീടു കൃത്യമായ ഇടവേളകളില്‍ ഓസീസ് വിക്കറ്റുകള്‍ വീണതോടെ തകര്‍ച്ച പൂര്‍ണ്ണമായി. മോയിസ് ഹെന്റികിന്റെ വിക്കറ്റൊഴികെ തുടര്‍ന്നു വീണ ആറു വിക്കറ്റും അശ്വിനും രവീന്ദ്ര ജഡേജയും തുല്യമായി പങ്കിട്ടു. ഇന്നിങ്ങ്‌സില്‍ അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴിത്തി. ജഡേജ മൂന്നും ഇശാന്ത് ഒന്നും വിക്കറ്റ് നേടി. ഹെന്റികിനെ രവീന്ദ്ര ജഡേജയാണ് റണ്‍ ഔട്ട് ആക്കിയത്. ഓസീസ് നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ഡബിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിങ്ങ്‌സിനു താങ്ങായ ചേതേശ്വര്‍ പൂജാരയാണ് കളിയിലെ താരം. നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 നു മുന്നിലെത്തി.