കേരളം ഫൈനലില്‍

single-img
1 March 2013

കൊച്ചി: ആര്‍ത്തുവിളിച്ച ഗാലറിയെ സാക്ഷി നിര്‍ത്തി ഒന്‍പതു വര്‍ഷത്തിന്റെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളാണ് മഹാരാഷ്ട്രയെ മുട്ടുകുത്തിക്കാന്‍ കേരളത്തിനെ സഹായിച്ചത്(2-1). 2004 ലാണ് അവസാനമായി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചത്. സര്‍വീസസ് – പഞ്ചാബ് സെമി മത്സരത്തിലെ വിജയികളുമായി മാര്‍ച്ച് മൂന്നിനു നടക്കുന്ന ഫൈനലില്‍ കേരളം കീരീടത്തിനായി പോരാടും.

കേരളത്തിനു വേണ്ടി ഉസ്മാനും ഷിബിന്‍ ലാലും ലക്ഷ്യം കണ്ടപ്പോള്‍ ലാല്‍റിംപ്യൂയ മഹാരാഷ്ട്രയ്ക്കു വേണ്ടി കേരളത്തിന്റെ വല കുലുക്കി. മധ്യ മിരയില്‍ സ്വതസിദ്ധമായ കളി മെനയുകയും കേരളത്തിന്റെ വിജയ ഗോള്‍ നേടുകയും ചെയ്ത ഷിബിന്‍ ലാല്‍ ആണ് കളിയിലെ താരം.
ഇരു ടീമുകളും കരുതിക്കളിച്ച ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മികച്ച ചില മുന്നേറ്റങ്ങളുണ്ടായെങ്കിലും പന്ത് വലയിലെത്തിക്കാന്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കഴിഞ്ഞില്ല. മൈതാനത്തിന്റെ മധ്യത്തിലൂടെ കേരളം മുന്നേറ്റങ്ങള്‍ക്കു ആക്കം കൂട്ടിയപ്പോള്‍ വലിയ രീതിയില്‍ ആധിപത്യം പുലര്‍ത്താന്‍ മഹാരാഷ്ട്ര കളിക്കാര്‍ക്കു കഴിഞ്ഞില്ല. മഹാരാഷ്ട്രയ്ക്കു വേണ്ടി മലയാളി താരങ്ങളായ എന്‍.പി.പ്രദീപിനും മുഹമ്മദ് റാഫിയ്ക്കും പ്രതിഭയ്ക്കു നിരക്കുന്ന കളി പുറത്തെടുക്കാനാതെ വന്നതോടെ കേരളത്തിന്റെ ഗോള്‍മുഖം അപകടരഹിതമായി. രണ്ടാം പകുതിയുടെ അവസാനം മാത്രമാണ് മഹാരാഷ്ട്ര ഉണര്‍ന്നു കളിച്ചത്.
രണ്ടാം പകുതിയില്‍ 54 ാം മിനിറ്റില്‍ കേരളം ആണ് ആദ്യം അക്കൗണ്ട് തുറന്നത്. കേരളത്തിന്റെ ഗോള്‍ ശ്രമം തടയാനുള്ള വ്യഗ്രതയില്‍ പന്ത് കൈ കൊണ്ട് തട്ടിക്കളഞ്ഞ പ്രതിരോധ നിരക്കാരന്റെ പിഴവ് അവര്‍ക്ക് പെനാല്‍റ്റി സമ്മാനിച്ചു. കിക്ക് എടുത്ത ഉസ്മാന്‍ പന്ത് വലയിലേയ്ക്ക് പായിച്ച് കേരളത്തിനു ആദ്യ ഗോള്‍ സമ്മാനിച്ചു. തുടര്‍ന്നും നിരവധി ശ്രമങ്ങള്‍ കേരളത്തിന്റെ ഭാഗത്തു നിന്നും വന്നെങ്കിലും ഗോള്‍ അകന്നു നിന്നു. ലീഡുയര്‍ത്താനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി നല്‍കിക്കൊണ്ട് 70 ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കണ്ണന്‍ പരിക്കേറ്റു കളം വിട്ടു. തുടര്‍ന്നു കേരളത്തിന്റെ പ്രകടനം തീരെ മങ്ങി. അതിന്റെ തുടര്‍ച്ചയായി 80ാം മിനിറ്റില്‍ മികച്ച ഒരു ലോങ്ങ് റേഞ്ചര്‍ ഷോട്ടിലൂടെ ലാറിപ്യൂയ മഹാരാഷ്ട്രയ്ക്കായി സമനില പിടിച്ചു. നിശ്ചിത സമയം അവസാനിക്കുന്നതുവരെയും സമനില തുടര്‍ന്നപ്പോള്‍ കളി എക്‌സ്ട്രാ ടൈംമിലേയ്ക്കു നീണ്ടു. എക്‌സാട്രാ ടൈംമിന്റെ രണ്ടാം പകുതിയില്‍ (117 ാം മിനിറ്റല്‍) മികച്ച ഒരു ഗോളിലൂടെ ഷിബിന്‍ ലാല്‍ കേരളത്തിന്റെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു.