പാപ്പയുടെ സ്ഥാനത്യാഗം ഇന്ന്

single-img
28 February 2013

ആഗോള കത്തോലിക്ക സഭയുടെ പരമാധികാര സ്ഥാനത്തു നിന്നും ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഇന്നു പടിയിറങ്ങും. രാത്രി 8.30 നാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30) അദേഹം വിരമിക്കുന്നത്. പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ എന്നാകും തുടര്‍ന്ന് അദേഹം അറിയപ്പെടുന്നത്. ആധുനിക കത്തോലിക്ക സഭയുടെ 600 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്.

വിരമിക്കുന്നതിനു ശേഷം രണ്ടു മാസം പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്‌റല്‍ ഗണ്ടോല്‍ഫോയിലാകും ബെനഡിക്ട് പതിനാറാമന്‍ താമസിക്കുക. ശേഷം വത്തിക്കാനിലെ ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കും.
സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി മാര്‍പാപ്പയുടെ സ്വിസ് ഗാര്‍ഡുകളെ പിരിച്ചുവിടും. കൂടാതെ ഔദ്യോഗിക മോതിരവും മുദ്രയും തിരിച്ചേല്‍പ്പിക്കും.
മാര്‍പ്പാപ്പ സ്ഥാനം വഹിച്ചുകൊണ്ടുള്ള ബെനഡിക്ട് പതിനാറമന്റെ അവസാന പൊതു ദര്‍ശനപ്രഭാഷണം ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക ചത്വരത്തില്‍ നടന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തോളം വിശ്വാസികളാണ് പ്രഭാഷണം കേള്‍ക്കുന്നതിനായി തടിച്ചുകൂടിയത്.
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ഉടന്‍ തന്നെ ആരംഭിക്കും. ഈസ്റ്ററിനു മുന്‍പ് പുതിയ പാപ്പ സ്ഥാനമേല്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.