ബജറ്റ് 2013 : സ്ത്രീ സുരക്ഷയ്ക്കു പ്രത്യേക ശ്രദ്ധ

single-img
28 February 2013

വനിതകള്‍ക്കായി പൊതു മേഖല ബാങ്ക് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി പി.ചിദംബരം രണ്ടാം യുപിഎ സര്‍ക്കാറിന്റെ അവസാന പൊതു ബജറ്റ് അവതരിപ്പിച്ചു. ആയിരം കോടിയാണ് ഈ പദ്ധതിയ്ക്കായി ബജറ്റില്‍ വകയിരിത്തിയിരിക്കുന്നത്. ഒക്ടോബറിലാകും വനിതകള്‍ക്കായുള്ള ആദ്യ പൊതുമേഖല ബാങ്ക് യാഥാര്‍ത്യമാകുക. സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ ആയിരം കോടി രൂപ നിര്‍ഭയ ഫണ്ട് എന്ന പേരില്‍ നീക്കിവയ്ക്കും. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. വനിത ക്ഷേമത്തിനായി 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയ്ക്കായി 27,049 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരളത്തിലെ കേരള കര്‍ഷകര്‍ക്ക് 75 കോടി രൂപ അനുവദിച്ചു. കാര്‍ഷിക വായ്പ ഏഴു ലക്ഷം കോടിയായി ഉയര്‍ത്തി. നീര്‍ത്തട പദ്ധതിയ്ക്ക് 5387 കോടി രൂപയും കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് 1000 കോടിയും അനുവദിച്ചു.
ആദായ നികുതി സ്ലാബുകളില്‍ യാതൊരു മാറ്റവും ബജറ്റില്‍ പ്രഖ്യാപിച്ചില്ല. അതേ സമയം അതിസമ്പന്നരില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാനുള്ള വ്യവസ്ഥയുണ്ട്. ഒരു കോടി രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ള സമ്പന്നരില്‍ നിന്ന് 10 % സര്‍ചാര്‍ജ് ആണ് ഈടാക്കുന്നത്. രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2000 രൂപ നികുതി ഇളവു ലഭിക്കും.
ആഡംബരക്കാറുകള്‍ക്കും ബൈക്കുകള്‍ക്കും മാര്‍ബിളിനും പുകയില ഉത്പന്നങ്ങള്‍ക്കും 2000 രൂപയ്ക്കു മുകളിലുള്ള മൊബൈല്‍ ഫോണുകള്‍ക്കും വില കൂടും. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍,കൈത്തറി ഉത്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍,കയര്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് വില കുറയും.
അടിസ്ഥാന വികസനത്തിനു 55 ലക്ഷം കോടി രൂപയും ഭക്ഷ്യ സുരക്ഷയ്ക്ക് പതിനായിരം കോടി രൂപയും നല്‍കും. ഗ്രാമീണ വികസനത്തിനു 80,000 കോടി രൂപ, തൊഴിലുറപ്പു പദ്ധതിയ്ക്കു 33,000 കോടി രൂപ സര്‍വ്വശിക്ഷ അഭിയാന് 27,000 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഉസ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനായി 13215 കോടി, പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ 3000 കോടി ആരോഗ്യമന്ത്രാലയത്തിനു 37,330 കോടി രൂപ, പട്ടിക ജാതി-വര്‍ഗ വികസനത്തിനു 65,000 കോടി രൂപ, വികലാംഗ ക്ഷേമത്തിനു 110 കോടി രൂപയും അനുവദിച്ചു.
ആദ്യമായി വീടുവയ്ക്കാന്‍ 25 ലക്ഷം രൂപ വരെ വായ്പ എടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയ്ക്കു കൂടി പലിശ ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതോടെ ആകെ ഇളവ് കിട്ടുന്ന തുക രണ്ട് ലക്ഷമാകും. ഗ്രാമീണ ഭവന പദ്ധതികള്‍ക്കായി 6,000 കോടിയും നഗരത്തിലെ ഭവന പദ്ധതികള്‍ക്കായി 2,000 കോടിയും പ്രഖ്യാപിച്ചു.