അനായാസം ഇന്ത്യ

single-img
26 February 2013

കരിയറിലാദ്യമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് സിക്‌സറിനു പറത്തുന്ന കാഴ്ചയോടെ ആസ്‌ത്രേലിയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. രണ്ടാം ഇന്നിങ്ങ്‌സില്‍ ആസ്‌ത്രേലിയ മുന്നോട്ടുവച്ച 50 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റു നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യ വിജയഭേരി മുഴക്കിയത്. ഈ ജയത്തോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ സൗരവ് ഗാംഗുലിയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് മഹേന്ദ്ര സിങ് ധോണി. സ്‌കോര്‍: ആസ്‌ത്രേലിയ -380,241 ഇന്ത്യ-572,50/2

ഒന്‍പതിനു 232 എന്ന സ്‌കോറില്‍ രാവിലെ കളി തുടങ്ങിയ ആസ്‌ത്രേലിയ ഇരുപത്തിയഞ്ചു മിനിറ്റോളം നീണ്ട ചെറുത്തു നില്‍പ്പിനു ശേഷമാണ് കീഴടങ്ങിയത്. നഥാന്‍ ല്യോണിനെ മുരളി വിജയുടെ കൈയിലെത്തിച്ച രവീന്ദ്ര ജഡേജയാണ് 66 റണ്‍സ് നീണ്ട ആസ്‌ത്രേലിയയുടെ അവസാന വിക്കറ്റ് കൂട്ടുകെട്ട് പൊൡച്ചത്. ഒന്‍പതു റണ്‍സു കൂടിയേ ഇന്ന് ഓസീസ് കളിക്കാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞുള്ളു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ഓപ്പണിങ് ജോഡി വീണ്ടും പരാജയപ്പെട്ടു. സ്‌കോര്‍ 16 എത്തിയപ്പോള്‍ ആദ്യ ഇന്നിങ്ങ്‌സിലെ ആവര്‍ത്തനം പോലെ മുരളി വിജയ്(6) പാറ്റിന്‍സണിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ഇന്നിങ്ങ്‌സ് സ്‌കോര്‍ 36 ആയപ്പോഴേയ്ക്കും വിരേന്ദര്‍ സെവാഗും(19) മടങ്ങി. ശേഷം ക്രീസിലെത്തിയ സച്ചിന്‍ കാര്യങ്ങള്‍ പെട്ടെന്ന് തീര്‍ക്കാനുള്ള മട്ടിലാണ് ബാറ്റിങ്ങ് തുടങ്ങിയത്. ഒന്നാമിന്നിങ്ങ്‌സില്‍ നേരിട്ട ആദ്യ രണ്ടു പന്തിലും ജെയിംസ് പാറ്റിന്‍സണിനെ ബൗണ്ടറിയ്ക്കു പറത്തിയ അതേ സച്ചിനായിരുന്നു നഥാന്‍ ല്യോണിനു മുന്നില്‍. എന്നാല്‍ ആദ്യ രണ്ടു പന്തും സിക്‌സറിനാണ് സച്ചിന്‍ പറത്തിയത്. സച്ചിന്റെ ടെസ്റ്റ് കരിയറിലാദ്യമായാണ് ഇന്നിങ്ങ്‌സില്‍ നേരിടുന്ന ആദ്യ പന്തില്‍ സിക്‌സ് നേടുന്നത്. സച്ചിന്റെ പ്രകടനത്തോടെ ജയത്തിനു ഒരു റണ്‍ അകലെയെത്തിയെങഅകിലും പീറ്റര്‍ സിഡിലിന്റെ അടുത്ത ഓവറില്‍ ആ റണ്‍ നേടിയെടുക്കാന്‍ മാസ്റ്ററിനു കഴിഞ്ഞില്ല. ഒടുവില്‍ ല്യോണിന്റെ അടുത്ത ഓവറില്‍ ചേതേശ്വര്‍ പൂജാര ഒരു റണ്‍ നേടിയതോടെ ഇന്ത്യ കാത്തിരുന്ന വിജയം വന്നെത്തി.
ഒന്നാം ടെസ്റ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരിലാകും ഒര്‍മ്മിക്കപ്പെടുന്നത്. ചരിത്രത്തിലാദ്യമായി ഇരട്ട സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ -ക്യാപ്റ്റന്‍ എന്ന ബഹുമതിയാണ് ധോണി സ്വന്തമാക്കിയത്. ധോണിയുടെ 224 റണ്‍സ് വിക്കറ്റ് കീപ്പര്‍ -ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും വലിയ സ്‌കോര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, വിക്കറ്റ് കീപ്പര്‍ നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ എന്നീ റെക്കോര്‍ഡുകളാണ് അദേഹത്തിന്റെ പേരില്‍ കുറിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനാണ് കളിയിലെ താരവും. ഇന്ത്യയ്ക്കു വേണ്ടി ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്‍ പന്ത്രണ്ടു വിക്കറ്റുകള്‍ നേടി കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ചു. ഒന്നാമിന്നിങ്ങ്‌സില്‍ ഏഴും രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ചും വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം.