ആറ്റുകാലമ്മയ്ക്ക് പൊങ്കാല

single-img
26 February 2013

ഒരു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കു അവസാനമായി. മണ്‍കലത്തില്‍ തിളച്ചു പൊങ്ങുന്ന പൊങ്കാലപ്പായസമേകുന്ന നിര്‍വൃതി തേടിയെത്തിയ ഭക്തലക്ഷങ്ങള്‍ അനന്തപുരിയുടെ വീഥികളെ കീഴടക്കി. ആറ്റുകാലമ്മയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം നിവേദ്യമൊരുക്കി അമ്മയുടെ അനുഗ്രഹം അവര്‍ ഏറ്റുവാങ്ങി. രാവിലെ 10.15 ന് ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം തെളിയിച്ച് മേല്‍ശാന്തി കെ.എം.ഹരീഷ് കുമാറിനു കൈമാറി. അദേഹം ചെറിയ തിടപ്പള്ളഇയിലും വലിയ തിടപ്പള്ളിയിലും അഗ്നി പകര്‍ന്നു നല്‍കി. തുടര്‍ന്നു സഹമേല്‍ശാന്തി തിടപ്പള്ളിയില്‍ നിന്നുള്ള ദീപം പണ്ടാരയടുപ്പില്‍ കത്തിച്ചതോടെ പൊങ്കാലയ്ക്കു ശുഭാരംഭമായി. പണ്ടാരയടുപ്പില്‍ നിന്നുള്ള അഗ്നി അമ്മയുടെ അനുഗ്രഹമായി ലക്ഷക്കണക്കിനു അടുപ്പുകളിലേയ്ക്ക് തീ പകര്‍ന്നതോടെ നഗരമെങ്ങും ഒരു യാഗശാലയായി മാറി.

ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദിക്കല്‍ ചടങ്ങ്. ഇതിനായി മുന്നോറോളം ശാന്തിക്കാരെ വിവിധ സ്ഥലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. പൊങ്കാല നിവേദിച്ചു കഴിഞ്ഞാല്‍ അമ്മയുടെ പെണ്‍പ്രജകള്‍ തങ്ങളുടെ വീടുകളിലേയ്ക്കു മടങ്ങുകയായി. അടുത്ത പൊങ്കാലയ്ക്കു തിരികെയെത്തുമെന്ന ഉറപ്പുമായി. സ്ത്രീകളുടെ ശബരിമലയെന്നറിപ്പെടുന്ന ആറ്റുകാലില്‍ കഴിഞ്ഞ വര്‍ഷം 35 ലക്ഷത്തിലധികം സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ചുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത്തവണ സംഖ്യ ഇതിലും മുകളിലായിരിക്കും. പൊങ്കാലയ്ക്കായി രണ്ടു ദിവസത്തിനു മുന്‍പു തന്നെ ആയിരക്കണക്കിനു സ്ത്രീകള്‍ ക്ഷേത്ര പരിസരത്തും നഗരത്തിലെ വിവിധ ഭാഗങ്ങളിലുമായി സ്ഥലം പിടിച്ചിരുന്നു.