ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സിറിഞ്ചുമായി കോഴിക്കോടുകാരനായ ഡോക്ടര്‍

single-img
25 February 2013

ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സിറിഞ്ചിന്റെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു. കോഴിക്കോടുകാരനായ ഡോക്ടര്‍ ബേബി മനോജ് ആണ് ലക്ഷക്കണക്കിനു പേര്‍ക്കു അനുഗ്രഹമാകുന്നു കണ്ടുപിടുത്തം നടത്തിയത്. ഉപയോഗിച്ച സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കുന്നതിലൂടെ എയ്ഡ്‌സ് പോലുള്ള മാരകമായ അസുഖങ്ങള്‍ പകരുന്നത്. എന്നാല്‍ ഉപയോഗം കഴിഞ്ഞ സിറിഞ്ചും സൂചിയും അണുമുക്തമാക്കുക പോലും ചെയ്യാതെ മാര്‍ക്കറ്റില്‍ തിരിച്ചെത്താറാണ് പതിവ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളും സജീവമാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ കണ്ടുപിടുത്തത്തില്‍ ആദ്യ ഉപയോഗ ശേഷം നശിപ്പിച്ചു കളയുന്ന സൂചിയും സിറിഞ്ചും പുനരുപയോഗിക്കാന്‍ കഴിയില്ല. സിറിഞ്ചില്‍ സൂചി ഘടിപ്പിക്കുന്ന ഭാഗത്തു ഒരു ദ്വാരം ക്രമീകരിച്ചാണ് ഡോ.ബേബി മനോജ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഉപയോഗിച്ചതിനു ശേഷം ചെറിയ രീതിയില്‍ മര്‍ദ്ദം പ്രയോഗിച്ചാല്‍ ഈ ഭാഗത്തുവച്ച് സിറിഞ്ചും സൂചിയും ഒടിയുകയും ചെയ്യും.
തന്റെ കണ്ടുപിടുത്തത്തിനു ‘പീനട്ട് സെയ്ഫ്’ എന്നാണ് പേരിട്ടിരിക്കുന്നത്. നിലക്കടലയുടെ തോട് ഒരിക്കല്‍ പൊളിച്ചു അടത്തുള്ളതു കഴിച്ചു കഴിഞ്ഞാല്‍ പിന്നീടൊരിക്കലും അത് വീണ്ടും ഉപയോഗിക്കാറില്ലെന്നതിനു തന്റെ കണ്ടുപിടുത്തത്തിനുള്ള സാമ്യമാണ് ഈ പേരിടാന്‍ കാരണമെന്ന് അദേഹം പറയുന്നു.
നാഷണല്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും വേള്‍സ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനും നല്‍കുന്ന മികച്ച കണ്ടുപിടുത്തത്തിനുള്ള അവാര്‍ഡ് ഈ കണ്ടുപിടുത്തത്തിനു കഴിഞ്ഞയാഴ്ച ലഭിച്ചു. പീനട്ട് സെയ്ഫിന്റെ പേറ്റന്റ് സ്വന്തമാക്കിക്കഴിഞ്ഞ ബേബി മനോജ്, സിറിഞ്ച് വാണിജ്യാടിസ്ഥാത്തില്‍ ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.