സമ്പൂര്‍ണ്ണ നേത്രരോഗ വിമുക്തഗ്രാമം; ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു

single-img
25 February 2013

drisya

മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളാണിക്കല്‍ ഗ്രാമത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രരോഗ വിമുക്ത ഗ്രാമമായി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. മാണിക്കല്‍ ഗ്രാമ പഞ്ചായത്തും , ശാന്തിഗിരി ആശ്രമവും, യുവപ്രതിഭ യൂത്ത്ക്ലബും, അഹല്യ ഐ ഹോസ്പിറ്റലും സംയുക്തമായി മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളാണിക്കല്‍ ഗ്രാമത്തില്‍ ഒരു വര്‍ഷംകൊണ്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന ബൃഹത് പദ്ധതിയാണ് ദൃശ്യ 2013.

പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ മാണിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേയിലൂടെ ഗ്രാമത്തിലെ 450ല്‍പ്പരം നേത്രരോഗികളെ കണ്ടെത്തിക്കഴിഞ്ഞു. 2013 ഏപ്രില്‍ 14 ന് തുടങ്ങുന്ന ദ്വീതീയ ഘട്ടത്തില്‍ ചികിത്സാ പദ്ധതികള്‍ക്ക് തുടക്കമാകും. 2014 ഏപ്രില്‍ 15 ഓടെ ഈ പദ്ധതി പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകും. സര്‍വ്വേയിലൂടെ കണ്ടെത്തിയ മറ്റു രോഗികള്‍ക്കും ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കാരുണ്യം പദ്ധതിയിലുള്‍പ്പെടുത്തി ചികിത്സ നല്‍കുന്നതിനുള്ള സൗകര്യവും ഈ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളാണിക്കല്‍ ഗവ.എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ശ്രീ. പാലോട് രവി എം.എല്‍.എ പദ്ധതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. എല്‍. ആര്‍. നിഷ പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്നു നടന്ന മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ സ്വാഗതസംഘത്തെ യുവപ്രതിഭ യൂത്ത്ക്ലബ് സെക്രട്ടറി കെ. എസ്. ഹരീഷ് പ്രഖ്യാപിച്ചു. പാലോട് രവി എം.എല്‍.എ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരെ രക്ഷാധികാരികളായും മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയനെ ചെയര്‍മാനായും ഡോ. എല്‍.ആര്‍. നിഷയെ കണ്‍വീനറായും പി.എസ്. രതീഷിനെ കോ-ഒാര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു.

യുവപ്രതിഭ യൂത്ത് ക്ലബ് പ്രസിഡന്റ് എസ്. ബൈജു സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി, മാണിക്കല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. അനില്‍കുമാര്‍, അമ്പിളി ബി.നായര്‍, പള്ളിക്കല്‍ നസീര്‍, ബ്ലോക്ക് മെമ്പര്‍ കലാകുമാരി, പഞ്ചായത്ത് മെമ്പര്‍മാരായ പി.ശോഭനകുമാരി, രമണിയമ്മ, രവീന്ദ്രന്‍നായര്‍, മോഹനന്‍ നായര്‍ എന്നിവര്‍ ആശംസകളും മാണിക്കല്‍ പഞ്ചായത്ത് മെമ്പര്‍ ജി. സുരേന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.