കോടതികള്‍

single-img
25 February 2013

India_flag_emblemനീതിയും ന്യായവും വിചാരണ നടത്തി വിധി കല്പിക്കുന്ന ഉദ്യോഗസ്ഥന്റെ ആസ്ഥാനത്തിന് കോടതികള്‍ എന്നു പറയുന്നു.ബ്രിട്ടീഷ് ഭരണകാലത്തും ഇത്തരം സ്ഥാപനങ്ങളെ ‘കോര്‍ട്ട്’
എന്നു വിളിച്ചിരുന്നു. അതിന്റെ മലയാള രൂപാന്ത്രമാണ് കോടതി.

ആദ്യകാല ചരിത്രം

രാജാവും,മന്ത്രിയും,മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു ആദ്യകാലത്തെ കോര്‍ട്ട് അധവാ കോടതി.ഭരണകര്‍ത്താവ് തന്നെ നേരിട്ട് നീതിന്യായഭരണം നടത്തുകയായിരുന്നു പണ്ടുണ്ടായിരുന്ന രീതി.പരാതിക്കാരന്‍ പരാതി ബോധിപ്പിച്ചാല്‍ എതിര്‍കക്ഷികള്‍ കണ്ടുപിടിച്ച് ഭരണകര്‍ത്താവിന്റെ മുമ്പില്‍ ഹാജരാക്കി സത്യാവസ്ഥ മനസിലാക്കി വിധി കല്പിക്കുക എന്നത് ഭരണകര്‍ത്താവിന്റെ ചുമതലയായിരുന്നു.ഭരണാധികാരം ഒരു വ്യക്തിയില്‍ നിക്ഷിപ്തമായിരുന്ന കാലത്ത് ആ വ്യക്തി ആയിരുന്നു ന്യായിധിപന്‍. സമൂഹം വളര്‍ന്ന് വലുതായപ്പോള്‍ ഒരു വ്യക്തിയ്ക്ക് നേരിട്ട് ഒരു കൃത്യം നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു.പില്‍ക്കാലത്ത് പ്രതിപുരുഷന്മാരുടെ ആസ്ഥാനമായിരുന്നു കോര്‍ട്ട്.ജനാധിപത്യ വ്യവസ്ഥയില്‍ ഇതിന്റെ രൂപവും ഭാവവും മാറി.1792ല്‍ നമ്മുടെ മലയാളനാട്ടില്‍ സ്ഥാപിതമായ ആദ്യകാല കോടതികള്‍ രൂപത്തിലും ഭാവത്തിലും കാലക്രമേണ മാറി.ഇന്ന് 1973ലെ ക്രിമിനല്‍ നടപടി നിയമത്തിനു വിധേയമായി വിവിധ കോടതികള്‍ പ്രവര്‍ത്തിക്കുന്നു

മര്യാദകളും ആചാരങ്ങളും ജനങ്ങളെക്കൊണ്ട് അനുസരിപ്പിക്കുകയും നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രാഥമികമായി കോടതികള്‍ നിര്‍വ്വഹിക്കുന്നത്. അതായത് സമാധാനപരമായി ജീവിതം നയിക്കുന്നവര്‍ സമൂഹത്തെ നയിക്കുക എന്നതാണ് കോടതികളുടെ പ്രവര്‍ത്തനധര്‍മ്മം.മനുഷ്യനും മനുഷ്യനും തമ്മിലുള്ള എല്ലാത്തരം ബന്ധങ്ങളും കോടതികളുടെ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കാറുണ്ട്.ന്യായാന്യായങ്ങള്‍ കേട്ട് വിധി പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്യുക എന്നതാണ് കോടതികളുടെ ചുമതല.’ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ ഇടയാകരുത്’ എന്നത് ആപ്തവാക്യവും.

കോടതികളില്‍വെച്ച് ഏറ്റവും അധികം അധികാരമുള്ള സുപ്രീം കോടതിക്കാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ രാജ്യത്തെ എല്ലാ കോടതികളും നടപ്പിലാക്കാന്‍ നമ്മുടെ ഭരണഘടനയുടെ 141 ആം വകുപ്പ് പ്രകാരം ബാദ്ധ്യതപ്പെട്ടിരിക്കുന്നു.സുപ്രീം കോടതിയുടെ ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.എന്നാല്‍ നിയമിച്ചു കഴിഞ്ഞാല്‍ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്കധികാരമില്ല. ജഡ്ജിമാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനാണ് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്.

ഭരണഘടന ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വിഭാവനം ചെയ്യുന്നു. എന്നാല്‍ രണ്ടോ അതിലധികമോ സംസ്ഥാനങ്ങള്‍ക്കായോ ഒരു യൂണിയന്‍ പ്രദേശത്തിനുമായോ പൊതുവായ ഹൈക്കോടതി സ്ഥാപിക്കാനുള്ള അവകാശം പാര്‍ലമെന്റിനുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും സംസ്ഥാന ഗവര്‍ണറുമായി ആലോചിച്ചശേഷം രാഷ്ട്രപതിയാണ് ഹൈക്കോടതി ജഡ്ജിമാരെയും നിയമിക്കുന്നത്.

കീഴ്‌ക്കോടതികളുടെ ഘടനയും പ്രവര്‍ത്തനവും എല്ലാ സംസ്ഥാനങ്ങളിലും ഏതാണ്ട് ഒരുപോലെയാണ്.ഓരോ ജില്ലയും ജില്ലാ ജഡ്ജി അദ്ധ്യക്ഷനായുള്ള പ്രിന്‍സിപ്പല്‍ സിവില്‍ കോടതിയുടെ അധികാരപരിധിയില്‍ പെടുന്നു.സഹായിക്കാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജികളുമുണ്ടാകും.ജില്ലാ ജഡ്ജിക്ക് താഴെ സിവില്‍ കോടതികളുടെ വിവിധ ശ്രേണികളുമുണ്ട്.

ക്രിമിനല്‍ കോടതികളുടെ രൂപവല്‍ക്കരണവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നത് ക്രിമിനല്‍ നട്പടി നിയമം (1973) ആണ്.

ഒരു സ്‌റ്റേറ്റിനെ പല ജുഡീഷ്യല്‍ ജില്ലകളായി തിരിച്ച് ഓരോന്നിലും ഓരോ ജില്ലാ ജഡ്ജിമാര്‍ നിയമിതരാകുന്നു.അവയ്ക്കു കീഴില്‍ സബ് കോടതികളും അതിനുതാഴെ മുന്‍സിഫ് കോടതികളുമുണ്ട്. പരാതിക്കാരുടെ വ്യവഹാര സ്വഭാവത്തിനും സാമ്പത്തികമൂല്യത്തിനും കൃത്യത്തിനു കാരണമായ അധികാര അതിര്‍ത്തിക്കും അനുസൃതമായി വിവിധ കോടതികള്‍ വ്യവഹാര കേന്ദ്രങ്ങളാകുന്നു.

ക്രിമിനല്‍ വ്യവഹാരങ്ങള്‍ തുടങ്ങുന്നത് മജിസ്‌ട്രേട്ടു കോടതികളിലാണ്. മജിസ്‌ട്രേട്ടു കോടതികള്‍ മുന്‍പ് ഒന്നാം ക്ലാസ്,രണ്ടാം ക്ലസ്,മൂന്നാം ക്ലസ്,എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് ഏകീകരിച്ച് എല്ലാനിയന്ത്രിക്കുകകോടതികളും ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടു കോടതികളാക്കിയിട്ടുണ്ട്.ഇവയ്ക്ക് മുകളില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടു കോടതികളും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടു കോടതികളും വിവിധ സെഷന്‍സ് കോടതികളുമുണ്ട്. ജില്ലാക്കോടതികള്‍ക്കും സബ്ബ് കോടതികള്‍ക്കും ക്രിമിനല്‍ അധികാരം നല്‍കിയാണ് അവയെ സെഷന്‍സ് കോടതികളായി മാറ്റുന്നത്. കഠിനമായ ക്രിമിനല്‍ കേസുകള്‍ കേട്ട് വിധി കല്പിക്കാന്‍ സെഷന്‍സ് കോടതികള്‍ അധികാരമുണ്ട്.

ചില സവിശേഷ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക കോടതികളും െ്രെടബൂണലുകളും രൂപീകരിക്കാറുണ്ട്.അത്തരത്തിലുള്ള കോടതികളണ് എം.എ.സി.റ്റി,കുടുംബകോടതികള്‍ തുടങ്ങിയവ

ആദായനികുതി ,കാര്‍ഷികാദായ നികുതി,തൊഴില്‍ ചട്ടങ്ങള്‍,തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍,റവന്യൂ കാര്യങ്ങള്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും പ്രത്യേക കോടതികള്‍ നിലവിലുണ്ട്.ഭൂവുടമയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ലാന്റ് െ്രെടബൂണലുകളണ് തീരുമാനിക്കുന്നത്. വാടകപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് റെന്റ് കണ്ട്രോള്‍ കോര്‍ട്ടുകളണ്.ഇവയുടെ പ്രവര്‍തനങ്ങളും, നടപടിക്രമങ്ങളും പ്രത്യേക നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കുപ്പെട്ടിട്ടുമുണ്ട്.

മജിസ്‌ട്രേട്ടുമാരുടെ അധികാരം ജുഡീഷ്യല്‍ എന്നും എക്‌സിക്യുട്ടീവ് എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള അധികാരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനുമാത്രമാണ്.കുറ്റകൃത്യങ്ങള്‍ നടക്കുന്നതിനു മുന്‍പായി അത് തടയുന്നതിനാവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധികാരമാണ് എക്‌സിക്യുട്ടീവ്
മജിസ്‌ട്രേട്ടിനുള്ളത്. കളക്ടര്‍,എക്‌സിക്യുട്ടീവ് അധികാരമുള്ള ജില്ലാ ജഡ്ജിയാണ്.ആര്‍.ഡി.ഒ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടണ്.സമാധാന ലംഘനം ഉണ്ടാകുമെന്ന് ബോദ്ധ്യമായാല്‍ സത്വര നടപടികള്‍ എടുക്കേണ്ടത് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്ററാണ്.ഇത്തരം കേസുകളില്‍ ഉത്തരവാദികളില്‍ നിന്നും ജാമ്യം ആവശ്യപ്പെടാം.കൂടതെ രാജ്യദ്രോഹപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവര്‍,സംശയാസ്പദമായ സാഹചര്യങ്ങളില്‍ പിടികൂടപ്പെടുന്നവര്‍, പതിവു കുറ്റവാളികള്‍ എന്നിവരെക്കൊണ്ട് നല്ല നടപ്പിന് ജാമ്യം എഴുതിവെപ്പിക്കാം. നിയമവിരുദ്ധമായി സംഘം ചേരല്‍,പൊതുജനശല്യങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാം.വഴി,തോട് തുടങ്ങി പൊതു ഉപയോഗത്തിലുള്ള സ്ഥലങ്ങളില്‍ നിന്നും തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള അധികാരം സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് എന്ന നിലയ്ക്ക് ആര്‍.ഡി.ഒ യ്ക്കുണ്ട്.കെട്ടിടങ്ങളോ,ചമയങ്ങളോ,വൃക്ഷങ്ങളോ സമീപവാസികള്‍ക്ക് അപകടം ഉണ്ടാകുന്ന സ്ഥിതിയിലാണു നല്‍കുന്നതെങ്കില്‍ ആവശ്യമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കാം.അടിയന്തരഘട്ടങ്ങള്‍ പൊതുകലാപങ്ങള്‍ ഒഴിവാക്കുന്നതിന് 144ആം വകുപ്പനുസരിച്ച് നടപടി സ്വീകരിക്കാം.ഈ വകുപ്പ് അനുസരിച്ചാണു പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിക്കുന്നത്.ഇരു വിഭാഗക്കാര്‍ തമ്മില്‍ വസ്തുവിന്റെ കൈവശാവകാശത്തെപ്പറ്റി തര്‍ക്കം ഉണ്ടാവുകയും സമാധാന ലംഘനം ഉണ്ടാകുവാന്‍ സാധ്യതയുമുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ്മാര്‍ക്ക് അധികാരമുണ്ട്.തര്‍ക്ക വസ്തു അധീനതയിലെടുക്കാം. പൊതുസമാധാനക്രം കാത്തു സൂക്ഷിക്കുവാനുള്ള എല്ലാ കരുതല്‍ നടപടികളും ഇവര്‍ക്ക് കൈക്കൊള്ളാവുന്നതാണു.ഇവരുടെ അന്തിമതീരന്മാനത്തിന്മേല്‍ സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി കൊടുക്കുന്നതിനും കൃമിനല്‍ നടപടി നിയമത്തില്‍ വ്യവഥ ചെയ്തിട്ടുണ്ട്

വിവിധ മജിസ്‌ട്രേറ്റ് കോടതികള്‍ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ക്രിമിനല്‍ നടപടി നിയമത്തില്‍ ഒന്നാം പട്ടികയില്‍ ‘കുറ്റങ്ങള്‍ തരംതിരിക്കല്‍’ ചെയ്തിട്ടുള്ളതിനെ അടിസ്ഥാനപ്പെടുത്തിയാണ്.