ക്യാപ്റ്റന്‍ കൂള്‍ റണ്‍ മഴയില്‍ വിയര്‍ത്തൊലിച്ച് ഓസീസ്

single-img
24 February 2013

ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ആദ്യ ഡബിള്‍ സെഞ്ച്വറിയുമായി(206*) കളം നിറഞ്ഞപ്പോള്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനു തിരിച്ചടി. ഇന്ത്യന്‍ ടീമിനു മഹേന്ദ്ര സിങ് ധോണിയെന്ന ക്യാപ്റ്റന്‍ എത്രത്തോളം വിലപ്പെട്ടതാണെന്നു ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്ന പ്രകടനത്തിനാണ്് എം.എ.ചിദംബരം സ്റ്റേഡിയം വേദിയായത്. ആദ്യ ഡബിള്‍ സെഞ്ച്വറിയ്‌ക്കൊപ്പം മറ്റു ചില റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിട്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കളം വിട്ടത്. ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് അദേഹം. കൂടാതെ ടെസ്റ്റില്‍ 4000 റണ്‍സ് എന്ന നേട്ടവും ധോണി സ്വന്തമാക്കി. നാലാം ദിവസം 27 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും വലിയ സ്‌കോറും ധോണിയുടെ പേരിലാകും. 232 രണ്‍സ് നേടിയ ആന്‍ഡി ഫ്‌ലവര്‍ ആണ് ഒന്നാമത്.

മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 135 റണ്‍സിന്റെ ലീഡുമായി എട്ടിനു 515 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 206 റണ്‍സുമായി ധോണിയും 16 റണ്‍സുമായി ഭുവനേശ്വര്‍ കുമാറുമാണ് ക്രീസില്‍. യുവതാരം വിരാട് കോലി നേടിയ സെഞ്ച്വറിയും(107) ഇന്ത്യയെ മികച്ച സ്‌കോറിലേയ്ക്ക് കുതിക്കാന്‍ സഹായിച്ചു.
243 പന്തിലാണ് ധോണി 206 റണ്‍സ് നേടിയത്. 22 ഫോറും അഞ്ചു സിക്‌സും ആ ഇന്നിങ്ങ്‌സിനു കരുത്തായി. തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ 231 റണ്‍സ് മാത്രമാണ് ധോണിയ്ക്ക് വേണ്ടി വന്നത്. ഭുവനേശ്വര്‍ കുമാറും ക്യാപ്റ്റനു മികച്ച പിന്തുണ നല്‍കി. പിരിയാത്ത ഒന്‍പതാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറുമൊത്ത് 109 റണ്‍സ് ധോണി ചേര്‍ത്തു കഴിഞ്ഞു.

മൂന്നു വിക്കറ്റു നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിവസം ഇന്ത്യ കളി പുനരാരംഭിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും ഇന്ത്യയെ മികച്ച സ്‌കോറിലേയ്ക്കു നയിക്കുമെന്നു കരുതിയെങ്കിലും സച്ചിന്‍ പെട്ടെന്ന് പുറത്തായത് ടീമിനെ പ്രതിസന്ധിയിലാക്കി. തുടര്‍ന്നു ക്രീസിലെത്തിയ ധോണി ക്യാപ്റ്റനു ചേര്‍ന്ന ഇന്നിങ്ങ്‌സുമായി കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. കോലിയുമായിച്ചേര്‍ന്ന് ക്യാപ്റ്റന്‍ ഉയര്‍ത്തിയ 128 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനു താങ്ങായി.