ശാന്തിഗിരി വെണ്‍മയില്‍ മുങ്ങി ; കുംഭവും ദീപവും താമര പര്‍ണശാലയില്‍ സമര്‍പ്പിച്ചു

single-img
23 February 2013

നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ശാന്തിഗിരി ആശ്രമത്തില്‍ അര്‍ദ്ധ വാര്‍ഷിക കുംഭമേളയും ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയുടെ ആത്മീയ അവസ്ഥാപൂര്‍ത്തീകരണത്തിന്റെ ഓര്‍മപുതുക്കി പൂജിത പീഠം സമര്‍പ്പണം ആഘോഷങ്ങളും വെള്ളിയാഴ്ച നടന്നു. ശുഭ്ര വസ്ത്രമണിഞ്ഞ ഭക്തര്‍ കുംഭവും ദീപവുമേന്തി ആശ്രമ സമുച്ചയം വലംവച്ച്, അവ താമരപര്‍ണശാലയില്‍ സമര്‍പ്പിച്ചു.
ഗുരു ശിഷ്യ പാരസ്പര്യത്തിന്റെ ഉദാത്ത മാതൃകയാണ് ശാന്തിഗിരിയിലേത്. സ്വന്തം ശിഷ്യയെ ഗുരു അവസ്ഥാന്തരങ്ങള്‍ കടത്തി തന്നോളമുയര്‍ത്തിയ ആത്മീയ കര്‍മ്മത്തിന്റെ വാര്‍ഷികമാണ് പൂജിതപീഠം സമര്‍പ്പണാഘോഷമായി ആചരിക്കുന്നത്. അന്നേദിവസം കുംഭമേളയും നടക്കുന്നു.
വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയ്ക്ക് പുഷ്പാഞ്ജലിയ്ക്കു ശേഷം ധ്വജാരോഹണത്തോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. ഉച്ചയ്ക്ക് ഗുരുപാദ വന്ദനം, സമര്‍പ്പണങ്ങള്‍ എന്നിവ നടന്നു. വൈകുന്നേരം നാലു മണിയ്ക്ക് കുംഭ-ദീപ ഘോഷയാത്രയ്ക്കു തുടക്കമായി. വിശ്വ ശാന്തിയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയായും വ്യക്തിജീവിതത്തിലെ ദുരിതത്തിനു പരിഹാരത്തിനുമായി ആയിരക്കണക്കിനു വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കാളികളായി.