സെല്ലുലോയ്ഡ് വിവാദത്തില്‍

single-img
23 February 2013

മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ കമല്‍ ചിത്രം സെല്ലുലോയ്ഡ് വിവാദത്തിലേയ്ക്ക് നീങ്ങുന്നു. സിനിമയില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെയും മലയാറ്റൂര്‍ രാമകൃഷ്ണനെയും മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. ജെ.സി.ഡാനിയേലിനെ ഒഴിവാക്കുന്നതിനു അന്നു സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്ന കെ.കരുണാകരനും വകുപ്പു സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും ശ്രമിച്ചിരുന്നു എന്നാണ് ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ജാതി വിവേചനത്തിന്റെ പേരിലായിരുന്നു മലയാള സിനിമ ചരിത്രത്തില്‍ നിന്നു തന്നെ ജെ.സി.ഡാനിയേലിനെ അകറ്റാനുള്ള ശ്രമം നടന്നതെന്നാണ് ആരോപണം. എന്നാല്‍ ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി കെ.കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നു അദേഹത്തിന്റെ മകനും എംഎല്‍എയുമായ കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടതോടെയാണ് വിവാദത്തിനു തുടക്കമായിരിക്കുന്നത്. കരുണാകരന്റെ പ്രതിച്ഛായ ആയിരം സംവിധായകര്‍ വിചാരിച്ചാലും തകര്‍ക്കാനാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

തന്റെ സിനിമ ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകത്തെ ആധാരമാക്കിയുള്ളതാണെന്നും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു. പുസ്തകത്തില്‍ കരുണാകരനെയും മലയാറ്റൂരിനെയും കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. കെ.കരുണാകരന്റെ പേര് താന്‍ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദേഹത്തോട് ആദരവാണുള്ളതെന്നും കമല്‍ പ്രതികരിച്ചു.