ഹൈദരാബാദില്‍ സ്‌ഫോടന പരമ്പര

single-img
21 February 2013

hyderabad blastഹൈദരാബാദ് : ഹൈദരാബാദിലെ ദില്‍സുക്ക് നഗറില്‍ അതിശക്തമായ ബോംബ് സ്‌ഫോടന പരമ്പര.  11 ലേറെ പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
ദില്‍സുക്ക് പ്രദേശത്തെ തിരക്കേറിയ സ്ഥലങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. രാത്രി ഏഴുമണിയോടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഇതിന് ശേഷം മറ്റു സ്ഥലങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയായിരുന്നു. ജനങ്ങള്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ദില്‍സുക്ക്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സായിബാബ ക്ഷേത്രത്തിന് സമീപമുള്ള ബസ് സ്റ്റാന്‍ഡിലും വെങ്കിടാദ്രി തിയേറ്ററിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഏറെപ്പേര്‍ സംഭവസ്ഥലത്തുണ്ടാകാനുള്ള സാധ്യതയാണുള്ളത്.
സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ പ്രദേശം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ പോലും കടത്തിവിടുന്നില്ല. ഇതൊരു തീവ്രവാദി ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഹൈദരാബാദില്‍ സ്‌ഫോടനം നടക്കുമെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്.
2007 ല്‍ ഹൈദരാബാദില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 42 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.മരിച്ചവരിലോ പരിക്കേറ്റവരിലോ മലയാളികള്‍ ആരുമില്ലെന്നാണ്‌ വിവരം.

സഹായത്തിന് :
ഹൈദരാബാദ് പോലീസ് കണ്‍ട്രോള്‍ റൂം : 040 – 27852435, 040 – 27852436