പണിമുടക്ക്‌ രണ്ടാം ദിവസവും പൂര്‍ണ്ണം

single-img
21 February 2013

സംയുക്ത ട്രേഡ്‌ യൂണിയന്‍ ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ രണ്ടാം ദിവസവും കേരളത്തില്‍ പൂര്‍ണ്ണം. സംസ്ഥാനത്ത്‌ ബന്ദിന്റെ രൂപത്തിലെത്തിയ പണിമുടക്ക്‌ സാധാരണ ജനജീവിതം ദുസഹമാക്കി. ഹോട്ടലുകളുള്‍പ്പെടെയുള്ള കച്ചവടസ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകളൊന്നും സര്‍വ്വീസ്‌ നടത്തിയില്ല. ഓഫീസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. തീവണ്ടി ഗതാഗതം സുഗമമായി നടക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ കുറവാണ്‌.
കുളിവെള്ളം ലഭ്യമല്ലാത്ത കുമരകം പ്രദേശവാസികള്‍ക്കായി ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന വെള്ളം സമരാനുകൂലികള്‍ ഒഴുക്കിക്കളഞ്ഞു. 13,000 ലിറ്റര്‍ കുടിവെള്ളമാണ്‌ ഒഴുക്കിക്കളഞ്ഞത്‌.
ഒരിടത്തും പെട്രോള്‍ ലഭിക്കാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാനും കഴിയാത്ത അവസ്ഥയാണ്‌ നേരിടുന്നത്‌. തിരുവനന്തപുരത്ത്‌ ആളുകള്‍ സപ്ലൈകോ പമ്പിനു മുന്നില്‍ കൂട്ടം കൂടി ബഹളം വച്ചതിനെത്തുടര്‍ന്ന്‌്‌ പോലീസ്‌ എത്തി മാനേജരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ പമ്പ്‌ തുറന്നു പ്രവര്‍ത്തിക്കുകയാണ്‌.