വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

single-img
18 February 2013

വനം കൊള്ളക്കാരന്‍ വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വീരപ്പന്റെ നാലു കൂട്ടാളികളുടെ വധശിക്ഷയാണ് ബുധനാഴ്ച വരെ പരമോന്നത കോടതി സ്‌റ്റേ ചെയ്തത്. കേസ് ബുധനാഴ്ച കോടതി പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സ്റ്റേ ഉത്തരവ് നല്‍കിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് നാലു പേരും സുപ്രീം കോടതിയെ സമീപിച്ചത്.

ഗ്യാനപ്രകാശ്, സൈമണ്‍, മിസേകര്‍ മദയ്യ, ബിലവേന്ദ്രന്‍ എന്നിവരാണ് 2001 ല്‍ കര്‍ണാടകയില്‍ ഉണ്ടായ കുഴിബോംബ് സ്‌ഫോടനക്കേസില്‍ വധശിക്ഷ നേരിടുന്നത്. സ്‌ഫോടനത്തില്‍ തമിഴ്‌നാട്ടുകാരയ 22 പോലീസുകാര്‍ കൊല്ലപ്പെട്ടു. കേസില്‍ 2004 ല്‍ മൈസൂര്‍ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാലു പേര്‍ക്കും വധശിക്ഷ വിധിച്ചു. ഇതിനെതിരെ രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ച ദയാഹര്‍ജി കഴിഞ്ഞ ബുധനാഴ്ചയാണ് തള്ളിയത്. തുടര്‍ന്നാണ് വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.