ധര്‍മ്മരാജന്‍ റിമാന്‍ഡില്‍

single-img
16 February 2013

ഇന്നലെ പോലീസ് അറസ്റ്റു ചെയ്ത സൂര്യനെല്ലിക്കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജനെ കോടതി റിമാന്‍ഡ് ചെയ്തു. രാവിലെ പതിനൊന്നു മണിയോടെ കോട്ടയത്തെ പ്രത്യേക കോടതിയിലാണ് ധര്‍മ്മരാജനെ ഹാജരാക്കിയത്. ഒരു ദിവസത്തേയ്ക്ക് കോട്ടയത്തെ സ്‌പെഷ്യല്‍ സബ് ജയിലില്‍ പാര്‍പ്പിച്ച ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റും. ധര്‍മ്മരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.

സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ഏക പ്രതിയാണ് ധര്‍മ്മരാജന്‍. അഞ്ചു വര്‍ഷത്തെ ശിക്ഷാ കാലാവധിക്കിടയില്‍ പരോളിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ധാക്കിയതിനെത്തുടര്‍ന്ന് ധര്‍മ്മരാജനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണക്കോടതി വിധി പ്രാബല്യത്തില്‍ വന്നിരുന്നു. തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പ്രത്യേക പോലീസ് സംഘം ധര്‍മ്മരാജനെ അറസ്റ്റു ചെയ്യാനുള്ള ദൗത്യമേല്‍ക്കുകയുമായിരുന്നു. കര്‍ണാടകയിലെ സാഗറില്‍ നിന്നാണ് ധര്‍മ്മരാജനെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. കര്‍ണാടകയില്‍ നിന്നും ഇന്നലെ രാത്രി തൃശ്ശൂര്‍ കുന്നംകുളത്തെത്തി വിശ്രമിച്ച ശേഷമാണ് കോട്ടയത്തേയ്ക്ക് തിരിച്ചത്. മുളന്തുരുത്തി കമ്മ്യൂണിറ്റി സെന്ററില്‍ ധര്‍മ്മരാജനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.