ഹെലികോപ്റ്റര്‍ ഇടപാട്: ത്യാഗി കുടുങ്ങുന്നു

single-img
15 February 2013

S P Tyagi--621x414വിവാദ ഹെലികോപ്ടര്‍ കരാറിന്റെ മുഖ്യ ഇടനിലക്കാരന്‍ ഗീഡോ റാള്‍ഫ് ഹാഷ്‌കെ ഇടപാടില്‍ കോഴ വാങ്ങിയതായി ആരോപിക്കപ്പെടുന്ന മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയുമായി ആറു തവണ കൂടിക്കാഴ്ച നടത്തിയതായി ഇറ്റാലിയന്‍ പോലീസിനു മൊഴി നല്‍കി. ത്യാഗി വ്യോമസേന മേധാവിയായിരിക്കുമ്പോള്‍ ബാംഗളൂര്‍ എയ്‌റോ ഷോയ്ക്കിടെ പലതവണ കൂടിക്കാഴ്ച നടത്തിയെന്നാണു കരാറിലെ മുഖ്യ ഇടനിലക്കാരന്‍ ഇറ്റാലിയന്‍ പോലീസിനു നല്‍കിയ മൊഴി. ത്യാഗിയുടെ ഇടപെടലിനെത്തുടര്‍ന്നാണു ഹെലികോപ്ടറിന്റെ ഉയരപരിധി അടക്കമുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നും ഇടനിലക്കാരന്റെ മൊഴിയില്‍ പറയുന്നു. ഇയാള്‍ മുഖേനയാണു ഫിന്‍മെക്കാനിക്കയുടെ അധികൃതര്‍ ത്യാഗിയുടെ ബന്ധുക്കള്‍ക്കു പണം കൈമാറിയതെന്ന് ഇറ്റാലിയന്‍ പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിവിശിഷ്ട വ്യക്തികള്‍ക്കായി ഇറ്റലിയില്‍ നിന്ന് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള 3,600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി രൂപ കോഴ നല്‍കിയതായാണ് ആരോപണം.