ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ശശികുമാറിന്

single-img
15 February 2013

സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രമുഖ സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. മലയാള സിനിമാ ചരിത്രത്തില്‍ അപൂര്‍വ്വതകളുടെ പര്യായമായ സംവിധായകനാണ് ശശികുമാര്‍. തന്റെ ഇരുപത്തിയഞ്ചു വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഹിറ്റുകളുടെ തോഴനായി വിലസിയിരുന്ന അദേഹം പുതിയ കാലത്തിന്റെ ചലച്ചിത്ര ലോകത്തു നിന്നും അകന്നു കഴിയുകയാണിപ്പോള്‍.

ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തയാള്‍ എന്ന റെക്കോര്‍ഡ് ശശികുമാറിനു മാത്രം സ്വന്തമാണ്. 141 സിനിമകളാണ് അദേഹത്തിന്റെ കിരീടത്തിലുള്ളത്. കൂടാതെ ഒരേ നടനെ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ചിത്രങഅങള്‍ സംവിധാനം ചെയ്യുക, ഒരേ താര ജോഡിയെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിപ്പിക്കുക, ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്യുക തുടങ്ങിയ റെക്കോര്‍ഡുകളും അദേഹത്തിനു സ്വന്തം. മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിനെയാണ് ഏറ്റവും കൂടുതല്‍ തവണ ശശികുമാര്‍ നായകനാക്കിയത്. ഷീല- പ്രേം നസീര്‍ ജോഡിയാണ് ശശികുമാര്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയത്.

ഒരു ലക്ഷം രൂപയാണ് ജെ.സി.ഡാനിയോല്‍ പുരസ്‌കാരത്തിന്റെ സമ്മാനത്തുക. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന വേളയില്‍ ഈ പുരസ്‌കാരവും സമ്മാനിക്കും.