ഉല്‍ക്കാപതനം: റഷ്യയില്‍ 400 പേര്‍ക്ക് പരുക്ക്

single-img
15 February 2013

മധ്യ റഷ്യയിലെ യെകതറിന്‍ബര്‍ഗ്, ചെല്യാബിന്‍ക് പട്ടണങ്ങളില്‍ ഉണ്ടായ ഉല്‍ക്കാപതനത്തില്‍ നാനൂറു പേര്‍ക്കു പരിക്കേറ്റു. ഉല്‍ക്കാപതനത്തെത്തുടര്‍ന്നുണ്ടായ പ്രകമ്പനത്തില്‍ ഗ്ലാസ്സ് ജനല്‍പാളികളും മറ്റും പൊട്ടിത്തെറിച്ചാണ് എല്ലാവര്‍ക്കും പരിക്കേറ്റത്.

ഉഗ്രശബ്ദത്തോടെയുള്ള ഉല്‍ക്കാപതനത്തിന് ഇന്ന് രാവിലെയാണ് റഷ്യ സാക്ഷ്യം വഹിച്ചത്. ആകാശത്ത് തീഗോളങ്ങളും ദൃശ്യമായിരുന്നു. ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ കത്തിപ്പോകുന്നതാണ് തീഗോളങ്ങള്‍ക്കു കാരണമാകുന്നത്. ഇതു കാരണം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ആകാശത്തുവച്ച് ഉണ്ടായ പൊട്ടിത്തെറികളുടെ ഫലമായുണ്ടായ പുകപടലം 200 കിലോമീറ്ററോളം അകലെവരെ കാണാന്‍ സാധിച്ചു.
പുതുതായി കണ്ടുപിടിച്ച ഒരു ക്ഷുദ്രഗ്രഹം ഇന്ന് ഭൂമിയുടെ അടുത്തു കൂടി കടന്നുപോകുമെന്ന് ശാസ്ത്രലോകം അറിയിച്ചിരുന്നു. എന്നാല്‍ അതു കൊണ്ട് ഭൂമിയ്ക്ക് യാതൊരു ദോഷവും വരികയില്ല. ഐറിഷ് സമയം വൈകുന്നേരം 7.24 നാണ് 2012 ഡിഎ14 എന്നു പേരിട്ടിരിക്കുന്ന ക്ഷുദ്രഗ്രഹം ഭൂമിയുടെ 27,520 കിലോമീറ്ററനു അടുത്തെത്തുന്നത്.