മാലദ്വീപ് മുന്‍ പ്രസിഡന്റ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി

single-img
13 February 2013

Mohamed-Nasheed6മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. നഷീദിനെതിരേ മാലി മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മാലി പോലീസ് നഷീദിനെ അറസ്റ്റ് ചെയ്യാന്‍ എംബസി വളഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. പ്രസിഡന്റ് പദവിയിലിരുന്ന കാലത്ത് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ നഷീദിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ കോടതി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. വൈകിട്ട് നാലിന് മുന്‍പ് നഷീദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്. ഇതേതുടര്‍ന്ന് അദ്ദേഹം രാവിലെ മുതല്‍ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം അനുമതി കൂടാതെ മറ്റൊരു രാജ്യത്തിന്റെ എംബസിയില്‍ കടക്കാന്‍ പോലീസിന് കഴിയില്ല.