തിരിച്ചുവരവിലെ കിരീടപ്പോരാട്ടത്തില്‍ നഡാലിനു തോല്‍വി

single-img
12 February 2013

കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന്‍ തിരിച്ചുവരുകയാണ്. നീണ്ട ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം. എന്നാല്‍ പരുക്കിനെ തോല്‍പ്പിച്ചു കൊണ്ടു കോര്‍ട്ടിലേയ്ക്ക് മടങ്ങിയ നഡാലിനു കീരീടമുയര്‍ത്തി ആഘോഷിക്കാനുള്ള അവസരം ലഭിച്ചില്ല. തിരിച്ചുവരവിലെ ആദ്യ എടിപി ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലാണ് താരം ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. ചിലിയിലെ വിന ഡെല്‍ മാറില്‍ നടന്ന വിടിആര്‍ ഓപ്പണിന്റെ ഫൈനലില്‍ അര്‍ജന്റീനിയന്‍ താരമായ ഹൊറാസിയോ സെബല്ലോസ് ആണ് നഡാലിനെ അട്ടിമറിച്ചത്. സ്‌കോര്‍: 6-7, 7-6(6), 6-4

കളിമണ്‍ കോര്‍ട്ടിലെ മുപ്പത്തി ഏഴാമത് കിരീടം ലക്ഷ്യമിട്ടിറങ്ങിയ റാഫ കരിയറിലെ അപൂര്‍വം തോല്‍വികളിലൊന്നാണ് നേരിട്ടത്. കളിമണ്‍ കോര്‍ട്ട് ഫൈനലുകളില്‍ അഞ്ചാമത്തെ മാത്രം തോല്‍വിയാണ് ചിലിയിലേത്. ലോകറാങ്കിങ്ങിലെ എഴുപത്തിമൂന്നാം സ്ഥാനക്കാരനായ സെബല്ലോസിന്റെ ആദ്യ എടിപി കിരീടവും.
ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഡാല്‍ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റും മൂന്നാം സെറ്റും സെബല്ലോസ് പിടിച്ചെടുത്തതോടെ കിരീടം സ്പാനിയാര്‍ഡിന്റെ കോര്‍ട്ടില്‍ നിന്നും വഴുതി. ടൈബ്രേക്കിലാണ് രണ്ടാം സെറ്റിന്റെയും വിധി നിര്‍ണ്ണയിക്കപ്പെട്ടത്. ആദ്യ രണ്ടു സെറ്റിലും റാഫയ്‌ക്കൊപ്പം പിടിച്ചു നിന്ന സെബല്ലോസ് മൂന്നാം സെറ്റില്‍ മികച്ച കളിയാണ് കാഴ്ചവച്ചത്.
തിരിച്ചുവരവിലെ ആദ്യ ടൂര്‍ണ്ണമെന്റില്‍ തന്നെ ഫൈനലിലെത്തിയെങ്കിലും ലോക റാങ്കിങ്ങില്‍ റാഫ അഞ്ചാം സ്ഥാനത്തു തന്നെ തുടരുകയാണ്. നൊവാക് ദ്യോകോവിച് ഒന്നാമതും റോജര്‍ ഫെഡറര്‍ രണ്ടാമതും നില്‍ക്കുന്നു. മൂന്നാം റാങ്കില്‍ ആന്‍ഡി മുറെയും ഡേവിഡ് ഫെറര്‍ നാലാം റാങ്കിങ്ങിലുമാണ്.